photo
കൊല്ലം-തിരുമംഗലം ദേശിയ പാത കടന്ന് പോകുന്ന പുനലൂർ രാംരാജ് തിയേറ്ററിന് സമീപം റോഡിന് മദ്ധ്യഭാഗത്ത് പൈപ്പ് ലൈനിലെ ചോർച്ചയുടെ സൂചന ബോർഡ് സ്ഥാപിച്ച നിലയിൽ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ നഗര മദ്ധ്യത്തിൽ വാട്ടർ അതോറിട്ടിയുടെ ശുദ്ധജല വിതരണ പൈപ്പിൽ ചോർച്ചയുണ്ടായിട്ടും പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകം. ദേശിയ പാതയുടെ മദ്ധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന പൈപ്പിൽ ചോർച്ചയുള്ളതിനാൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വെള്ളം തെറിച്ച് സമീപത്തെ കടകളിലും കാൽ നടയാത്രക്കാരുടെ വസ്ത്രങ്ങളിലും തെറിച്ച് വീഴുന്നത് ഒഴിവാക്കാൻ നാട്ടുകാർ കുഴിയിൽ സൂചന ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്.

വാട്ടർ അതോറിട്ടി ഇടപെടണം

റോഡിന്റെ മദ്ധ്യഭാഗത്ത് സൂചന ബോർഡ് സ്ഥാപിച്ചത് കാരണം ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും അത് ഭീഷണിയായി മാറുകയാണ്. ദേശീയ പാതയിലെ രാംരാജ് തിയേറ്ററിന് സമീപത്താണ് പൈപ്പിൽ ചോർച്ചയുള്ളത്. ഒരാഴ്ചയായി ചോർച്ച തുടങ്ങിയിട്ട്. ന്നാൽ അത് പരിഹരിക്കാൻ വാട്ടർ അതോറിട്ടി ഇത് വരെ തയ്യാറായിട്ടില്ല. രണ്ട് മാസം മുമ്പ് പട്ടണത്തിലെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കു പടിഞ്ഞാറ് ഭാഗത്തും റോഡിന്റെ മദ്ധ്യത്ത് കുടിവെള്ള പൈപ്പിൽ ചോർച്ചയുണ്ടായിരുന്നത് രണ്ടാഴ്ച മുമ്പാണ് പരിഹരിച്ചത്. അവിടെ റോഡിലെ കുഴി പൂർണമായും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കൂടാതെ പുനലൂർ -അഞ്ചൽ, പത്തനാപുരം, തെന്മല, പാപ്പന്നൂർ റോഡുകളിലൂടെ കടന്ന് പോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പു ലൈനുകൾ പൊട്ടുന്നത് പതിവാണ്.

നവീകരണത്തിലെ അപാകത

റോഡുകൾ റീ ടാറിംഗ് നടത്തി മോടി പിടിപ്പിച്ച് മാസങ്ങൾക്കകം പൈപ്പ് ചോർച്ചയുടെ പേരിൽ കരാറുകാർ പാത വെട്ടിപ്പൊളിക്കുന്നതും പതിവ് കാഴ്ചയാണ്. നവീകരണത്തിലെ അപാകതയാണ് തുടർച്ചയായി പൈപ്പ് ലൈനുകൾക്ക് ചോർച്ചയുണ്ടാക്കുന്നതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ കാലപ്പഴക്കത്തെ തുടർന്നാണ് പൈപ്പുകൾ ചോരുന്നതെന്നാണ് അധികൃതർ പറയുന്നത്.