കൊല്ലം: ശബരിമലയിൽ തീർത്ഥാടകരോട് പൊലീസ് കാണിക്കുന്ന ക്രൂരത സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലെ പൊലീസ് മേധാവിയെ മാറ്റി വിശ്വാസിയായ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഹൈക്കോടതി ഇടപെടണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു.
മകരവിളക്കിന് മുമ്പ് ശബരിമലയിലും പമ്പയിലും തീർത്ഥാടകർക്ക് പൂർണ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ഇരുമുടിക്കെട്ടുമായി സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധിക്കും. തഞ്ചാവൂർ ശ്രീധര ശാസ്ത്രികൾ അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, കോഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, വി.ജെ.ഉണ്ണിക്കൃഷ്ണൻ നായർ, എം.ജി.ശശിധരൻ, തിരുപ്പൂർ മുരളി, തുറവൂർ ടി.ജി.പത്മനാഭപിള്ള, അറുമാനൂർ ഉണ്ണിക്കൃഷ്ണൻ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.