കൊല്ലം: കൊല്ലം തുറമുഖത്തിന്റെ വികസനം സാദ്ധ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര ഷിപ്പിംഗും ജലഗതാഗതവും വകുപ്പും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര മന്ത്രി സർബാനന്ത സോനാവാൾ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.

ചട്ടം 377 പ്രകാരം കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആരംഭിക്കണമെന്ന് ലോക്‌സഭയിൽ ഉന്നയിച്ച ആവശ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് സ്ഥാപിക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും ചെക്ക് പോസ്റ്റ് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങൾ അവശേഷിക്കുന്നതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എം.പിയെ അറിയിച്ചു.