കുളത്തൂപ്പുഴ: പഞ്ചായത്തിലെ ചെറുകര വാർഡിൽപ്പെട്ട മൂന്ന് ആദിവാസി മേഖലയിലെ കുടുംബങ്ങൾക്ക് പുറം ലോകത്തെത്താൻ ബസ് സർവീസ് ഇല്ല. നിവേദനവുമായി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫീസിൽ പരാതി സമർപ്പിച്ചു.
ചെറുകര വാർഡിൽപെട്ട ഇടത്തറ, ചെറുകര, കല്ലുപച്ച എന്നിവിടങ്ങളിലായി 300 ഓളം വരുന്ന ആദിവാസി കുടുംബങ്ങൾക്കാണ് ദുരവസ്ഥ. മലയോര ഹൈവേയിൽ നിന്ന് 5 കിലോമീറ്റർ ഉള്ളിൽ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ഈ കുടുംബങ്ങൾക്ക് വെളിയിൽ എത്തണമെങ്കിൽ ഓട്ടോറിക്ഷയെ മാത്രം ആശ്രയിക്കണം.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കാൽനടയായാണ് പ്രധാന പാതയിൽ എത്തിച്ചേരുന്നത്. സർക്കാർ ഓഫീസുകൾ, ആശുപത്രി, സ്കൂളുകൾ തുടങ്ങി കാർഷിക മേഖലയിൽ ഉള്ളവർക്കും യാത്ര ക്ലേശം പരിഹരിക്കുന്നതിനായി നിരവധിതവണ കെ.എസ്.ആർ.ടി.സിയെ സമീപിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അവഗണനയായിരുന്നു ഫലം. ഇതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, വാർഡ് അംഗം സുജിത്ത്, ആദിവാസി ഊരു മൂപ്പൻ രവികുമാർ, സി.ഡി.എസ് അംഗം സുധാകുമാരി എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. തുടർന്ന് മേഖലയിൽ ബസ് സർവീസ് ഏർപ്പെടുത്താമെന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉറപ്പ് നൽകി.