കൊല്ലം: തട്ടാമല വെൺപാലക്കര ഭാഗത്തെ ഇടറോഡുകളിൽ രാത്രിയും പകലും ലഹരി വിൽപ്പന സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നതായി പരാതി. കാഞ്ഞിരത്തുംമൂട് തോട്, മരോട്ടിമൂട് ഇടറോഡ്, മുള്ളിത്തോടത്ത് മുക്കിലേക്കുള്ള റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് പകലും രാത്രിയും കഞ്ചാവ് വിൽപ്പനക്കാരും സാമൂഹിക വിരുദ്ധരും വിഹരിക്കുന്നത്. പകൽ സമയത്ത് പോലും വിജനമായ ഈ റോഡുകളിൽ ബൈക്കിലും മറ്റുമായി എത്തുന്നവർ അവിടെ തമ്പടിച്ച് ലഹരി ഉപയോഗവും വിൽപ്പനയും നടത്തുന്നതായി നാട്ടുകാർ പറയുന്നു. പകൽസമയത്തുപോലും സ്ത്രീകൾ അടക്കമുള്ളവർക്ക് ഇതുവഴി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ലഹരി സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ക്ലബ് മണ്ണാണികുളം സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.