pp

കുണ്ടറ: കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരൻമാർ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പെരിനാട് ഗ്രാമപഞ്ചായത്തിലെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സമിതി ഇതുവരെ 36 സിറ്രിംഗുകളാണ് നടത്തിയത്. മക്കൾ സംരക്ഷിക്കാത്ത മാതാപിതാക്കളാണ് ഏറ്റവും കൂടുതൽ പരാതിയുമായി വരുന്നത്.നിരവധി പരാതികൾക്ക് സമയോചിതമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരം ഉറപ്പാക്കി. മാതാപിതാക്കളെ സംരക്ഷിക്കാത്ത വിദേശത്തുള്ള മക്കളെ വീഡിയോ കോൺഫ്രൻസ് വഴി ബന്ധപ്പെട്ടും പരിഹാരം കണ്ടു.അഞ്ച് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കി. കോവിഡ് കാലത്ത് വീടുകളിലും സിറ്റിംഗ് നടത്തി. ക്ഷേമകാര്യ സമിതി ചെയർമാൻ മുഹമ്മദ് ജാഫിയാണ് ജാഗ്രത സമിതി കൺവീനർ.പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, സി.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ, വനിതാ വക്കീൽ, ഐ.സി.ഡി.എസ് ചെയർപേഴ്സൻ, സി.ഡി.എസ് ചെയർപ്പേഴ്സൺ, എസ്.സി വനിതാ പ്രതിനിധി, കമ്മ്യൂണിറ്റി കൗൺസിലർ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. എല്ലാ മാസവും 20നാണ് ജാഗ്രതാ സമിതി കൂടുന്നത്.