
കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയമായെന്ന് മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപ്പീലിലൂടെ മത്സരിച്ചവരുടെ എണ്ണം വർദ്ധിച്ചെങ്കിലും സമയനിഷ്ഠ പാലിക്കാനായി. പൊലീസ്, ഫയർ ഫോഴ്സ് അടക്കമുള്ള ഏജൻസികൾക്കും കൊല്ലം നഗരസഭ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾക്കും സൗജന്യ കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ഒരുക്കിയ വിദ്യാർത്ഥി-യുവജന, പൊലീസ് സംഘടനകൾക്കും നന്ദി അറിയിക്കുന്നു. മാർഗനിർദ്ദേശങ്ങൾ നൽകി മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ, കെ.എൻ.ബാലഗോപാൽ, ജില്ലയിലെ എം.എൽ.എമാർ, എം.പിമാർ എന്നിവർ കലോത്സവത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നന്ദി അറിയിക്കുന്നു.
ശബരിമല വെർച്വൽ ക്യൂവിന്റെ അധികാരം
പൊലീസ് പിടിച്ചെടുത്തു: കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിലെ വെർച്വൽ ക്യൂവിന്റെ അധികാരം ദേവസ്വം ബോർഡിൽനിന്ന് പൊലീസ് ഏകപക്ഷീയമായി പിടിച്ചെടുക്കുകയായിരുന്നെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസിനായി കൂടുതൽ പൊലീസുകാരെ നിയമിച്ചത് അയ്യപ്പഭക്തരെ പ്രതികൂലമായി ബാധിച്ചു. അവലോകനയോഗങ്ങൾ നടത്തുന്നതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടായെന്നും കെ.മുരളീധരൻ പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ച് ശബരിമലയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, വെർച്വൽക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ കടുത്ത നിയന്ത്രണത്തിനുള്ള ശ്രമം ഉപേക്ഷിക്കുക, ദേവസ്വം ബോർഡിന്റെ അധികാരത്തിനു മേലുള്ള പൊലീസ് കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ടി.ഡി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ബിജു വി.നാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ടി.ശരത് ചന്ദ്രപ്രസാദ്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് വി.ആർ.പ്രതാപൻ, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര പ്രവീൺ, കാട്ടാക്കട അനിൽ, കോട്ടയം അനൂപ് തുടങ്ങിയവർ സംസാരിച്ചു.