kunnathoor-

കുന്നത്തൂർ: ചക്കുവള്ളി പോരുവഴി പള്ളിമുറി കൊച്ചേരി ചെമ്മാട്ട് മുക്കിന് സമീപം സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഉമസ്ഥതയിൽ പ്രവർത്തിക്കുന്ന അനധീകൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ പൊട്ടിത്തെറി.

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം. ചെമ്മാട്ട് മുക്കിന് സമീപം ആൾത്താമസമില്ലാത്ത വീടിനോട് ചേർന്നുള്ള ഷെഡിൽ പ്രവർത്തിച്ചിരുന്ന സംഭരണ കേന്ദ്രത്തിൽ ചെറിയ സിലിണ്ടറുകളിൽ നിന്ന് വാണീജ്യാവശ്യത്തിനുള്ള വലിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്. അഞ്ചിലധികം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഈ സമയം ഗ്യാസ് നിറയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. ഇരുന്നൂറോളം നിറ സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. പള്ളിമുറി കോലടുത്ത് വീട്ടിൽ പ്രകാശ്.ജെ.കുറുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അനധീകൃത സംഭരണ കേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പം മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ മറ്റൊരു സി.പി.എം നേതാവും ബിസിനസിൽ പങ്കാളിയാണ്. പന്തളം തുമ്പമണിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയുടെ മറവിലാണ് ചക്കുവള്ളിയിൽ അനധീകൃത സംഭരണ കേന്ദ്രം നാളുകളായി പ്രവർത്തിക്കുന്നത്.

ശാസ്താംകോട്ടയിൽ നിന്നടക്കം അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചക്കുവള്ളി, പോരുവഴി മേഖലയിൽ ആവശ്യക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും അനധികൃതമായി സിലിണ്ടറുകൾ എത്തിച്ചു നൽകുന്നത് ഇവിടെ നിന്നായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

സംഭരണ കേന്ദ്രം ഉടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതി ഒളിവിലാണ്.

ജോസഫ് ലിയോൺ

സി.ഐ, ശൂരനാട്