
അഞ്ചാലുംമൂട്: സിഗ്നൽ ലൈറ്റുകൾ കത്താതായതോടെ അപകടക്കെണിയായി ആൽത്തറമൂട് - മേവറം ബൈപ്പാസിലെ കടവൂർ ഒറ്റക്കൽ സിഗ്നൽ ജംഗഷൻ. സിഗ്നൽ സംവിധാനം നിലച്ചതോടെ നാലുവശത്ത് നിന്നും വരുന്ന വാഹനങ്ങൾ കൂട്ടിമുട്ടി അപകടമുണ്ടാമുമെന്ന സ്ഥിതിയാണ്. 2019ൽ ബൈപ്പാസ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത് മുതൽ ഏറ്റവുമധികം അപകടങ്ങൾ നടന്ന മേഖല കൂടിയാണിത്. സിഗ്നലുകളില്ലാത്തതിനാൽ ഗതാഗതക്കുരുക്കും ഇവിടെ രൂക്ഷമാണ്.
ആൽത്തറമൂട്ടിൽ നിന്ന് മേവറം-പാരിപ്പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്നതിനും മേവറത്ത് നിന്ന് കാവനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോകുന്ന വാഹനങ്ങളും അഞ്ചാലുംമൂട് ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങളുമാണ് ഒറ്റക്കൽ സിഗ്നൽ ജംഗ്ഷനിലൂടെ കടന്ന് പോകുന്നത്.
ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സിഗ്നൽ ലൈറ്റുകൾ അണച്ചതെന്നാണ് നിർമ്മാണകമ്പനി അധികൃതരുടെ വിശദീകരണം. റോഡ് നിർമ്മാണത്തിന്റെഭാഗമായി കൂറ്റൻ ബാരിക്കേഡുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ എതിർവശത്ത്കൂടി വരുന്ന വാഹനങ്ങൾ കാണാനാകത്ത അവസ്ഥയാണ്. വാഹനങ്ങൾ പലപ്പോഴും റോഡിന്റെ മദ്ധ്യഭാഗത്ത് എത്തുമ്പോഴാണ് മറുവശത്തുള്ള വാഹനം കാണുന്നത്. ഇത് വലിയ അപകടങ്ങളുണ്ടാകാൻ കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.
വെളിച്ചവുമില്ല
കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലത്ത് നിന്ന് അഞ്ചാലുംമൂട്ടിലേക്ക് സ്‌കൂട്ടറിൽ പോയ കുടുംബം അഞ്ചുകല്ലുംമൂട്ടിൽ നിന്ന് കൊട്ടിയയേത്തക്ക് പോകുകയായിരുന്ന കാറിന് മുന്നിൽപ്പെട്ടിരുന്നു.കാർ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ അപകടമുണ്ടാക്കിയില്ല. രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തതും ഇവിടെ അപകടം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഈഭാഗത്ത് വിവിധ അപകടങ്ങളിലായി പത്തിലധികം പേരുടെ ജീവനും നഷ്ടമായിട്ടുണ്ട്. അയത്തിൽ ജംഗ്ഷനിലും കല്ലുംതാഴത്തും ഏർപ്പെടുത്തിയിട്ടുള്ളതുപോലെ പോലെ ട്രാഫിക് വാർഡനെയോ പൊലീസിനെയോ നിയമിച്ച് ട്രാഫിക് നിയന്ത്രണം ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.