കൊല്ലം: ജില്ലയിൽ ശമനമില്ലാതെ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ച വ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേരാണ്.
199 പേർ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായി. ഇടയ്ക്കിടെ കാലം തെറ്റി പെയ്യുന്ന മഴയാണ് പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ജില്ലയിൽ മുമ്പ് കിഴക്കൻ മേഖലകളിലായിരുന്നു പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോർപ്പറേഷൻ പരിധിയിലാണ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നത്. ഇരവിപുരം, കാക്കത്തോപ്പ്, ശക്തികുളങ്ങര തീരമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ ദിനം പ്രതി കേസുകൾ കൂടിവരികയാണ്. ഇവിടങ്ങളിൽ ഹോട്ട്‌സ്‌പോട്ടായി മാറ്റിയിട്ടുണ്ട്.
ഇവയ്ക്ക് പുറമേ എച്ച് വൺ എൻ വൺ, പാൾസിപാം മലേറിയ, മലമ്പനി, എലിപ്പനി, ഡെങ്കി, ചിക്കൻപോകസ് എന്നീ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 83പേരാണ് രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ 29നാണ് ഏറ്റവും അധികം പേർ ഡെങ്കി ബാധിതരായത്. 15പേർ. 11പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ജില്ലയിൽ നിന്ന് പണ്ട് പൂർണമായും തുടച്ച് നീക്കിയ രോഗങ്ങളിൽ ചിലത് തിരിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാന കലോത്‌സവം ഉൾപ്പെടെയുള്ള പരിപാടികൾക്ക് ആരോഗ്യമേഖലയിലുള്ളവർക്ക് സ്‌പെഷ്യൽ ഡ്യൂട്ടി നൽകിയിരുന്നതിനാൽ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ച പ്രദേശങ്ങളിൽ വീണ്ടും രോഗികൾ ഉണ്ടാകുന്നതും ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്.
കോർപ്പറേഷൻ പരിധിയിൽ പ്രത്യേക യോഗം
കോർപ്പറേഷൻ പരിധിയായ ഇരവിപുരം, കാക്കത്തോപ്പ് , ശക്തികുളങ്ങര ഭാഗങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി രോഗബാധിതർ വർദ്ധിക്കുന്നതിനാൽ അടിയന്തര യോഗം വിളിക്കും. ഒരാഴ്ചക്കുള്ളിൽ പ്രദേശത്ത് ശുചീകരണവും ബോധവത്ക്കരണപ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ നടത്തും.
കൊവിഡ് ഭയക്കേണ്ട, ജാഗ്രത മതി
ജില്ലയിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ രണ്ട് രോഗികൾ മാത്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ദിവസവും അഞ്ചിലേറെ ആളുകൾ കൊവിഡ് ബാധിതരായി ചികിത്സതേടുന്നുണ്ട്. 50 വയസിന് മുകളിൽ പ്രായമുള്ളവരാണ് കൊവിഡ് ബാധിച്ച് ചികിത്സതേടുന്നത്.