
കൊല്ലം: പള്ളിത്തോട്ടം പോർട്ടിന്റെ സമീപം കരയിൽ കയറ്റിവച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന എൻജിനുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. ജോനകപ്പുറം വലിയകടച്ചേരി, കടപ്പുറം പുറംപോക്കിൽ ഇബ്രാഹീംകുട്ടിയാണ് (40) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. പോർട്ട് ഹാർബറിൽ കയറ്റിവച്ചിരുന്ന പിവിൻ, ജോനോ ജയിംസ് എന്നീ ബോട്ടുകളുടെ എൻജിനുകളാണ് മോഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പള്ളിത്തോട്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
വർക്കല സ്വദേശിയായ ഇബ്രഹീംകുട്ടി വിവാഹ ശേഷം ജോനകപ്പുറത്താണ് താമസിച്ചിരുന്നത്. ഇയാൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള കേസുകൾ നിലവിലുണ്ട്. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെഹീർ, സാജൻ ആന്റണി എ.എസ്.ഐമാരായ കൃഷ്ണകുമാർ, രാജേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.