കൊല്ലം: പട്ടികവർഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന പട്ടികവർഗ മേഖലാ ക്യാമ്പ് ഇന്ന് ചിതറയിലും നാളെ കുളത്തൂപ്പുഴയിലുമായി നടക്കും.

ഇന്ന് രാവിലെ 9ന് ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട് പട്ടികവർഗ മേഖലയിലെ വീടുകൾ വനിതാ കമ്മിഷൻ സന്ദർശിക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് വഞ്ചിയോട് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും.

വനിതാ കമ്മിഷൻ മെമ്പർ വി.ആർ.മഹിളാമണി അദ്ധ്യക്ഷനാകും. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി മുഖ്യാതിഥിയാകും. നാളെ രാവിലെ 10ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈല ബീവി യോഗത്തിൽ അദ്ധ്യക്ഷയാകും.

പരിപാടിയിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. പി.കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ജെ.നജീബത്ത്, ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എം.രജിത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ഉഷ എന്നിവർ സംസാരിക്കും.