bus

ചാത്തന്നൂർ: യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ പെൺകുട്ടിയെ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്ട് ബസിൽ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കൊല്ലം സ്വദേശിനി ദിയയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായി ബസിനുള്ളിൽ കുഴഞ്ഞ് വീണത്.

ഇന്നലെ രാത്രി 7.45ന് ചാത്തന്നൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഉടൻ തൃശൂർ ഡിപ്പോയിലെ കണ്ടക്ടറായ ദിലീപും ഡ്രൈവറായ ഹരീഷും ചേർന്ന് പെൺകുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സഹയാത്രികരും സഹായത്തിനായി ഒപ്പം കൂടി. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് നില മെച്ചപ്പെട്ടെന്നറിഞ്ഞ ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്. അരമണിക്കൂറോളം സ്വിഫ്ട് ബസും യാത്രക്കാരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കാത്തുകിടന്ന് കുട്ടിയ്ക്ക് കുഴപ്പമില്ലെന്ന് അറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ച ശേഷമാണ് ബസ് യാത്ര തുടർന്നത്.