കൊല്ലം: കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ അസി. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസറുടെ പച്ചക്കൊടി. കഴിഞ്ഞ ദിവസം തുറമുഖം സന്ദർശിച്ച തിരുവനന്തപുരം, കൊച്ചി എഫ്.ആർ.ആർ.ഒമാരുടെ നേതൃത്വത്തിലുള്ള സംഘം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ സജ്ജമാക്കിയ സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തി.

എമിഗ്രേഷൻ പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മാരിടൈം ബോർഡ് സംസ്ഥാന സർക്കാർ വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് എഫ്.ആർ.ആർ.ഒമാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം തുറമുഖം സന്ദർശിച്ചത്. നിലവിലുള്ള സൗകര്യങ്ങൾക്കൊപ്പം എത്ര ഉദ്യോഗസ്ഥരെ എമിഗ്രേഷൻ ജോലികൾക്കായി ഇവിടെ നിയോഗിക്കണമെന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകും. കാര്യമായ ഗതാഗതം ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ഫോറിൻ റീജണൽ രജിസ്ട്രേഷൻ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ നിയോഗിക്കണമെന്ന് റിപ്പോർട്ട് നൽകാനാണ് സാദ്ധ്യത. ഗതാഗതം വർദ്ധിക്കുന്നത് അനുസരിച്ച് പിന്നീട് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും.

എഫ്.ആർ.ആർ.ഒ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അനുകൂല റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ. കൊല്ലം തീരം കേന്ദ്രീകരിച്ച് ആഴക്കടലിൽ ഇന്ധന പര്യവേക്ഷണം ഓയിൽ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പര്യവേക്ഷണത്തിന് ആവശ്യമായ ഇന്ധനം, പൈപ്പ് ലൈൻ തുടങ്ങിയവ എത്തിക്കേണ്ടത് കൊല്ലം തുറമുഖം കേന്ദ്രീകരിച്ചാണ്. എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചില്ലെങ്കിൽ പര്യവേക്ഷണ കപ്പലിനെ സഹായിക്കുന്ന ടഗ്ഗുകളിലെ തൊഴിലാളികൾ തുറമുഖത്ത് ഇറങ്ങാനാകാതെ കടുത്ത ബുദ്ധിമുട്ടിലാവും.

സുരക്ഷയ്ക്ക് സി.ഐ.എസ്.എഫുകാർ

എമിഗ്രേഷൻ പോയിന്റിന്റെ ഭാഗമായുള്ള പരിശോധനകൾക്കും സുരക്ഷയ്ക്കുമായി പൊലീസ് ഉദ്യോഗസ്ഥരെയും സി.ഐ.എസ്.എഫ് ഭടന്മാരെയും നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ഐ.സി.പി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയാലുടൻ പൊലീസുകാരുടെയും സി.ഐ.എസ്.എഫുകാരുടെയും നിയമനം നടക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായെന്നും പോർട്ട് അധികൃതർ എഫ്.ആർ.ആർ.ഒ സംഘത്തിന് ഉറപ്പുനൽകി. സുരക്ഷിതമായ ആശയവിനിമയത്തിന് ലീസ്ഡ് ലൈൻ, സുരക്ഷ പരിശോധനകൾക്കായി ബഗേജ് സ്കാനർ, മെറ്റൽ ഡിറ്രക്ടർ എന്നിവ സ്ഥാപിക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.