med-

കൊല്ലം: നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ബൈത്തുസ്സകാത്ത് കേരളയും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റലും (മെഡിസിറ്റി) ധാരണയി​ലെത്തി​. രോഗികൾക്ക് വേണ്ടി ബന്ധുക്കളോ സുഹൃത്തുക്കളോ ബൈത്തുസ്സകാത്ത് കേരളയുടെ വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. മതിയായ അന്വേഷണം നടത്തി അർഹരായവരെ കണ്ടെത്തി സഹായം നൽകും.

മെഡിസിറ്റി കോൺഫറൻസ് ഹാളിൽ നടന്ന ധാരണ പത്രം കൈമാറൽ ചടങ്ങ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് പദ്ധതി സമർപ്പണം നടത്തി. മെഡിസിറ്റി ചെയർമാൻ എ. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. മുസ്‌​ളിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, ജമാഅത്തെ ഇസ്‌​ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ്‌​വി, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഫവാസ്, മുബാറക്ക് എന്നിവർ സംസാരിച്ചു. മെഡിസിറ്റി ട്രസ്റ്റ് സെക്രട്ടറി ഹാജി എ. അബ്ദുൽ സലാം സ്വാഗതവും ബൈത്തുസ്സകാത്ത് കേരള ജില്ല കോ ഓർഡിനേറ്റർ ഇ.കെ. സിറാജ് നന്ദിയും പറഞ്ഞു.