
കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നിക്ഷേപ സമാഹരണ മാസം ബാങ്കിന്റെ പ്രതിഭാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ശാഖയിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.ആർ.രാഹുൽ അദ്ധ്യക്ഷനായി. മുണ്ടക്കൽ ചന്ദ്രൻ പിള്ളയിൽ നിന്നും എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും ബ്രാഞ്ചിൽ നിന്നുമായുള്ള ചെറുതും വലുതുമായ നിക്ഷേപങ്ങളിലൂടെ ഒരു ദിവസം കൊണ്ട് 1.18 കോടി രൂപ സ്വരൂപിച്ചു. ഈ മാസം 10 മുതൽ ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണ മാസം. ഈ ദിവസങ്ങളിൽ ബാങ്ക് പ്രവർത്തന പരിധിയിലുള്ള വടക്കേവിള, അമ്മൻനട, കടപ്പാക്കട ഡിവിഷനുകളിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ചു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ അനിൽ കുമാർ, ഷാനവാസ്, ഷിബു പി.നായർ, കൃഷ്ണകുമാർ, ഷീമ, സെക്രട്ടറി ശോഭ, മാനേജർ അജിത് ബേബി എന്നിവർ സംസാരിച്ചു.