sreelalareest

കൊല്ലം: മുൻവിരോധത്തിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മനയിൽ കുളങ്ങര, കാവയ്യത്ത് തെക്കതിൽ, ശ്രീലാലാണ് (34) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കൊല്ലം വെസ്റ്റ്, ചെറുകുളം സ്വദേശിയായ ജോബിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ 22ന് വൈകിട്ടാണ് സംഭവം. പ്രതികളായ ശ്രീലാൽ, മോഹൻദാസ്, മുജീബ് എന്നിവർ മൂലങ്കര ജനതാ പ്രസിന് സമീപം കാറിൽ വരികയായിരുന്ന ജോബിനെ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു.

ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികൾ കല്ലെറിഞ്ഞത് ചോദ്യം ചെയ്യാൻ വന്നതാണെന്ന് കരുതിയാണ് പ്രതികൾ ജോബിനെ ആക്രമിച്ചത്. തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളായ മോഹൻദാസിനേയും മുജീബിനേയും പിടികൂടിയിരുന്നു.

ശക്തികുളങ്ങര എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, സി.പി.ഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്.