 
എഴുകോൺ: ഭയപ്പെടുത്തിയും കള്ളക്കേസ് എടുത്തും ജയിലിൽ അടച്ച് യൂത്ത് കോൺഗ്രസിന്റെ സമരവീര്യം തകർക്കാമെന്ന പിണറായി വിജയന്റെ വ്യാമോഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കരീപ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ചിൽ പൊലീസും പ്രവർത്തകരുമായി നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാദ് അസീസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ഹുസൈൻ പള്ളിമുക്ക്, ശിവകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അജിത് ലാൽ, രാധിക, ബ്ലോക്ക് പ്രസിഡന്റ് അനീഷ് വർഗീസ് എന്നിവർ സംസാരിച്ചു.