കൊട്ടാരക്കര: കൊട്ടാരക്കര ടൗണിലെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല. തർക്കം സംഘർഷത്തിലേക്ക് വഴിമാറുന്ന അവസ്ഥയാണിപ്പോൾ. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ പ്രമുഖ പലചരക്ക് വ്യാപാര സ്ഥാപനമായ അജി സ്റ്റോറിലും മുസ്ളിം സ്ട്രീറ്റ് പാലത്തിന് സമീപമുള്ള പുതുതായി തുറന്ന ഗോഡൗണും കേന്ദ്രീകരിച്ചാണ് തർക്കം ഉടലെടുത്തത്. ഗോഡൗൺ ആരംഭിച്ചപ്പോൾ ടൗണിൽ ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാരോപിച്ചാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാപാര സ്ഥാപനത്തിന് നേരെ യൂണിയൻ പ്രവർത്തകരും തൊഴിലാളികളും അക്രമം നടത്തി എന്ന് ആരോപിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. ചന്തമുക്കിലെ അജി സ്റ്റോർ എന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇരച്ചു കയറിയ ഒരു പറ്റം തൊഴിലാളി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പലചരക്കു സാധനങ്ങൾ വലിച്ചെറിയുകയും സ്ഥാപനത്തിന്റെ ബോർഡ് ഉൾപ്പെടെ തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ അറിയിച്ചു. അക്രമം തുടരുകയാണെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതുൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ഏകോപന സമിതി ഭാരവാഹികൾ മുന്നറിയിപ്പു നൽകി. പുതിയ ഗോഡൗൺ ക്ഷേമ നിധി പരിധിയിലല്ലെന്നും ചരക്കിറക്കുന്നതിന് ചുമട്ടു തൊഴിലാളികൾ വെണ്ടെന്നുമുള്ള കട ഉടമയുടെ നിലപാട് തൊഴിൽ നിഷേധമാണെന്നാണ് തൊഴിൽ യൂണിയന്റെ വാദം. ചുമട്ടു തൊഴിലാളികളെ ഒഴിവാക്കുവാൻ ഗോഡൗണിൽ നിന്നുള്ള ബൈക്കിലും ഓട്ടോറിക്ഷയിലുമായി സാധനങ്ങൾ കടയിലെത്തിക്കുകയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ യൂണിയൻ നേതാക്കൾ തയ്യാറാകണമെന്ന് ഏകോപന സമിതി പ്രസിഡന്റ് എ.ഷാഹുദ്ദീൻ, ഭാരവാഹികളായ ഷിബി ജോർജ്, കെ.കെ. അലക്സാണ്ടർ, ദുർഗാ ഗോപാലകൃഷ്ണൻ , വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ് വി.സി.പി ബാബുരാജ് എന്നിവർ പറഞ്ഞു.