
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പകൽ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു. വാർദ്ധക്യകാലത്ത് പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധർക്ക് തണലായി രാവിലെ 9 മുതൽ വൈകിട്ട് 5വരെയാണ് പകൽ വീടിന്റെ പ്രവർത്തനം. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയുമായി സംയോജിപ്പിച്ച് ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിന് എതിർവശത്താണ് പകൽവീട് നിർമ്മിച്ചിരിക്കുന്നത്. വ്യായാമങ്ങൾക്കും, ചെറിയ വരുമാന കൈത്തൊഴിലുകളിലേർപ്പെടാനുള്ള സൗകര്യങ്ങളും പകൽവീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡൈനീഷ്യ റോയ്‌സൺ, മുൻ വൈസ് പ്രസിഡന്റ് ആർ.സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, വാർഡ് മെമ്പർ മാരായ ആർ.കലാദേവി, സജിത, ബി.ഹരികുമാർ, അനീഷ നിസാം, ഏലിയാമ്മ ജോൺസൻ, ജി.ആർ.സി കൗൺസിലർ ആർ.മഞ്ജു, ഐ.സി.ഡി. എസ് സൂപ്പർവൈസർ സ്മിത, പ്ലാൻ ക്ലാർക്ക് ജിയോ എന്നിവർ സംസാരിച്ചു.