t

കൊട്ടാരക്കര: കഥകളി കലയിലെ സജീവ സ്ത്രീ സാന്നിദ്ധ്യമായിരുന്ന കൊട്ടാരക്കര ഭദ്ര (76) ഓർമ്മയായി. ബാല്യത്തിൽത്തന്നെ കഥകളിയുടെ ആദ്യ പാഠങ്ങൾ കൈതക്കോട് രാമൻപിള്ള ആശാനിൽ നിന്നു സ്വായത്തമാക്കി. വേഷങ്ങളും തുടർ പഠനവും മയ്യനാട് കേശവൻ നമ്പൂതിരിയിൽ നിന്നു നേടി.

ദുര്യോധന വധം കഥകളിയിൽ പാഞ്ചാലിയായി അരങ്ങേറ്റം നടത്തി. 35 വർഷമായി കഥകളി രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പി​ന്റെ കഥകളി അവാർഡ്, കൊട്ടാരക്കര കഥകളി കലാമണ്ഡലം പുരസ്കാരം, അഖില കേരള പുരാണ പാരായണ അവാർഡ്, തൊള്ളാർ കുഴി പി.ശങ്കരൻ സ്മാരക എൻഡോവ്മെൻറ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പതിനായിരത്തിലേറെ അരങ്ങുകളിൽ സ്ത്രീ വേഷങ്ങളുടെ പകർന്നാട്ടം നടത്തി കഥകളി​ പ്രേമികളുടെ ആദരം പിടിച്ചുവാങ്ങി. ഭർത്താവ് ഗോപാലകൃഷ്ണന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് കലാരംഗത്ത് നിലയുറപ്പിക്കാൻ കാരണമായത്. കൊട്ടാരക്കര കോട്ടാത്തല പത്തടി ജംഗ്ഷനിൽ ഗൗരി ഗോവിന്ദത്തിൽ മകനോടും ചെറുമക്കൾക്കുമൊപ്പം വിശ്രമ ജീവിതം നയിക്കവേയാണ് മരണം കൂട്ടിക്കൊണ്ടുപോയത്.

മാതൃഭൂമി കൊല്ലം യൂണിറ്റിൽ പരസ്യ മാനേജരായ ഗണേശനാണ് മകൻ. രശ്മി മരുമകൾ. ഗൗരി കല്യാണി, ഗൗരി പാർവ്വതി എന്നിവർ ചെറുമക്കൾ.