കൊല്ലം: ആട്ടവിളക്കിന് മുന്നിൽ നാല് പതിറ്റാണ്ടോളം വേഷമിട്ടാടിയതിന് ശേഷമാണ് കൊട്ടാരക്കര ഭദ്ര അരങ്ങൊഴിയുന്നത്. കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയായും രുഗ്മിമിണീ സ്വയംവരത്തിലെ രുഗ്മിണിയായും രുഗ്മാംഗദ ചരിതത്തിലെ മോഹിനിയായും ദേവയാനി ചരിതത്തിലെ ദേവയാനിയായും ദുര്യോധന വധത്തിലെ പാഞ്ചാലിയായും നിഴൽക്കുത്തിലെ മലയത്തിയായും വേദികൾ നിറഞ്ഞാടിയ എത്രയെത്ര പ്രകടനങ്ങൾ... ദക്ഷയാഗത്തിലെ സതിയായിരുന്നു തികഞ്ഞ ശിവഭക്തയായ ഭദ്ര‌യുടെ ഇഷ്ടകഥാപാത്രം.

1982ൽ മയ്യനാട് ജന്മംകുളം ക്ഷേത്രത്തിൽ ദുര്യോധന വധത്തിലെ പാഞ്ചാലിയുടെ വേഷംകെട്ടിയാണ് ഭദ്ര അരങ്ങിലെത്തുന്നത്. നൃത്തവും കുട്ടിക്കാലത്ത് അഭ്യസിച്ച കഥകളിയുടെ ആദ്യപാഠങ്ങളും കഥകളിവേഷം കൂടുതൽ വഴങ്ങാൻ കാരണമായി. ഒറ്റ വേഷമിട്ട് മതിയാക്കാനായിരുന്നു തീരുമാനമെങ്കിലും കഥകളിയിൽ തനിക്ക് ഇരിപ്പിടമുണ്ടെന്ന് ആദ്യ അരങ്ങിൽ തിരിച്ചറിഞ്ഞു. വാർദ്ധക്യത്തിന്റെ അവശതകളുള്ളുപ്പോഴും വേഷമിട്ടാൽ നവരസഭാവങ്ങൾ വിരിയിച്ച് വേദികളിൽ നിറയുമായിരുന്നു കൊട്ടാരക്കര ഭദ്രയെന്ന സ്ത്രീ സൗന്ദര്യം.

ആദ്യ മുദ്രകൾ കുട്ടിക്കാലത്ത്

ഗോപാൽ - ശാരദാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ ആളായ ഭദ്രയ്ക്ക് കുട്ടിക്കാലത്താണ് കഥകളിയോട് കമ്പം തുടങ്ങിയത്. കൂട്ടുകാരിൽ ചിലർ കഥകളി പഠിക്കുന്നുവെന്നറിഞ്ഞപ്പോൾഭദ്ര‌യുടെ കുഞ്ഞ് മനസിലും കഥകളി മോഹം കയറിപ്പറ്റി. അച്ഛന്റെ മരണശേഷം അമ്മാവൻമാരുടെ സംരക്ഷണയിലായിരുന്നു വളർന്നത്. ആഗ്രഹത്തിന് അമ്മാവൻമാർ എതിരുനിന്നില്ല. കൈതക്കോട് രാമൻപിള്ള ആശാന്റെ കീഴിൽ കഥകളിയുടെ ആദ്യ മുദ്രകൾ പഠിച്ചു. അരങ്ങേറ്റം എത്തുംമുമ്പേ പാതിവഴിക്ക് നിറുത്തേണ്ടിവന്നു. പിന്നെ നൃത്തവേദികളിലേക്ക് ചുവടുമാറ്റി. പ്രൊഫഷണൽ ഡാൻസ് ട്രൂപ്പുകളിലും നാടക സമിതികളിലും സജീവമായി. നവരത്നം നൃത്ത കലാനിലയം, ഇന്ത്യൻ ഡാൻസ് അക്കാദമി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നീ ട്രൂപ്പുകളിലൂടെ മേഖലയിൽ സജീവമായി. വിവാഹശേഷവും ഭർത്താവ് ഗോപാലകൃഷ്ണനും കുടുംബാംഗങ്ങളും പൂർണ പിന്തുണ നൽകി.

കഥകളിയിലേക്കുള്ള തിരിച്ചുവരവ്

വിവാഹത്തിന് ശേഷം ഏറെക്കാലം കഴി‌ഞ്ഞപ്പോഴാണ് കഥകളിയിലേക്കുള്ള തിരിച്ചുവരവിന് മനസൊരുങ്ങിയത്. 9 വയസുള്ള മകനൊപ്പം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കഥകളി പഠിക്കാനെത്തി. കുട്ടികൾക്കുവേണ്ടി തുടങ്ങിയ കഥകളി പരിശീലനത്തിന് മുതിർന്ന സ്ത്രീ എത്തിയപ്പോൾ ഒരാളെക്കൂടി കൂട്ടാമെങ്കിൽ പഠിപ്പിക്കാമെന്ന് പരിശീലകനായ മയ്യനാട് കേശവൻ നമ്പൂതിരി അറിയിച്ചു. അങ്ങിനെ സുഹൃത്ത് ഗംഗയെ ഒപ്പം കൂട്ടി. പുരുഷൻമാർ ആടിത്തിമിർത്ത കഥകളി രംഗത്തേക്ക് രണ്ടുപേരും വേരുറപ്പിച്ചു. കേരളക്കര മുഴുവൻ അറിയപ്പെടുന്നവരുമായി. മിനുക്കുവേഷങ്ങൾ ആടി ഫലിപ്പിക്കുന്നതിലെ തന്മയത്വത്തിലൂടെ കൊട്ടാരക്കര ഭദ്ര കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.