photo
ഉപരിഭാഗത്തെ ടാറിംഗ് പൂർണ്ണമായും ഉളകി മാറിയ കല്ലുംമൂട്ടിൽക്കടവ് പാലം.

കരുനാഗപ്പള്ളി: കല്ലുംമൂട്ടിൽകടവ് പാലത്തിലൂടെയുള്ള യാത്ര നാട്ടുകാരുടെ നടുവൊടിക്കുന്നു. പാലത്തിലെ ഉപരിതല കോൺക്രീറ്റ് ഇളകിയതാണ് ദുരിതമായിരിക്കുന്നത്. ആലപ്പാട് ഗ്രാമപഞ്ചായത്തിനെ കരുനാഗപ്പള്ളി നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. സുനാമി ദുരന്തത്തിന് ശേഷം സർക്കാർ മുൻകൈയ്യെടുത്താണ് പശ്ചിമതീര കനാലിന് കുറുകെ പാലം നിർമ്മിച്ചത്. കടലാക്രമണമോ , കടൽ ക്ഷോഭമോ ഉണ്ടായാൽ ഒരു ജീവൻ പോലും നഷ്ടപ്പെടാൻ പാടില്ലെന്നതാണ് പാലം നിർമ്മിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അത്രമാത്രം ജീവഹാനിയാണ് സുനാമി ദുരന്തത്തിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിന് ഉണ്ടായത്.

ദുരന്തങ്ങളിൽ നിന്ന് കരകയറാൻ

2004ൽ സുനാമി ദുരന്തം ഉണ്ടായപ്പോൾ പാലം ഇല്ലാത്തതിനാൽ നാട്ടുകാർക്ക് രക്ഷപെടാനായില്ല. ഇതേ തുടർന്നാണ് ആയിരം തെങ്ങിലും കല്ലുമൂട്ടിൽ കടവിലും സുനാമി ദുരന്തത്തിന് ശേഷം പാലം നിർമ്മിക്കാൻ സർക്കാർ തയ്യാറായത്. ഇനി ഏത് തരത്തിലുള്ള ദുരന്തം ഉണ്ടായാൽ പോലും നാട്ടുകാർക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും.അറബിക്കടലിനും പശ്ചിമതീര കനാലിനും മദ്ധ്യേ ഒരു തുരുത്ത് പോലെയുള്ള പ്രദേശമാണ് ആലപ്പാട്. ചെറിയഴീക്കൽ തുറയെയും കരുനാഗപ്പള്ളി നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് കല്ലുംമൂട്ടിൽക്കടവ് പാലം.

ടാറിളകിയിട്ട് വ‌‌ർഷങ്ങൾ

പാലത്തിന്റെ മീതേയുള്ള ടാറിംഗ് ഇളകി മാറാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പാലത്തിൽ കുറ്റമറ്റ തരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ പാലത്തിന്റെ കോൺക്രീറ്റും ഇളകി തുടങ്ങി. കോൺക്രീറ്റ് ഇളകിയ ഭാഗത്ത് ടാറും മെറ്റിലും കുഴച്ച് നിലവിൽ അടച്ചിരിക്കുകയാണ്. ഇത് ഫലപ്രദമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിന്റെ ഉപരിതലത്തിലുള്ള കോൺക്രീറ്റ് പൂർണമായും ഇളകി മാറി. ഇതേ തുടർന്ന് രൂപപ്പെട്ട കുഴികളാണ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നത്. പാലത്തിന്റെ ഉപരി ഭാഗം പൂർണമായും ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ശാശ്വത പരിഹാരം വേണം

പാലത്തിന്റെ ഉപരിഭാഗത്തുള്ള കോൺക്രീറ്റ് ഇളകി മാറുമ്പോൾ കുഴി അടയ്ക്കുന്ന ജോലി മാത്രമാണ് പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികൾ രൂപപ്പെട്ട പാലത്തിന്റെ ഉപരിഭാഗം പൂർണമായും ടാർ ചെയ്താൽ ഇപ്പോഴത്തെ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയുമെന്നാണ് യാത്രക്കാർ പറയുന്നത്.