കൊല്ലം: സ്ത്രീകളെയും വിദ്യാർത്ഥികളെയും ഭീതിയിലാഴ്ത്തി നഗരത്തിലെ ഇരുൾ നിറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. സമീപത്തുള്ള തെരുവ് വിളക്കുകൾ കൂടി പ്രകാശിക്കാതായതോടെ സന്ധ്യമയങ്ങിയാൽ കുറ്റാക്കൂരിരുട്ടാണ് നഗര ഹൃദയത്തിലെ ബസ് ഷെൽട്ടറുകളിലെല്ലാം. അകത്ത് ആൾ ഇരിക്കുന്നത് പുറത്തു നിൽക്കുന്നവർക്ക് കാണാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുട്ടായത്തിനാൽ യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുറത്ത് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും ട്യൂഷന് ശേഷം വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികളുമാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.

ഗവ.ഗേൾസ് എച്ച്.എസിന് എതിർവശം നടപ്പാലത്തിന് സമീപമുള്ള ഹൈസ്കൂൾ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലടക്കം രാത്രി ഭീതിയോടെയാണ് യാത്രക്കാർ നിൽക്കുന്നത്. എം.മുകേഷ്.എം.എൽ.എയുടെ 2016-17ലെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇവിടെ ലൈറ്റുകളുണ്ടെങ്കിലും കത്താറില്ല. പോളയത്തോട്,കളക്ടറേറ്റ്, രാമൻകുളങ്ങര, എ.ആർ.ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സ്ഥിതിയും സമാനമാണ്.തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് പോകാനായി ആളുകൾ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.

കാണാത്തമട്ടിൽ അധികൃതർ

കോപ്പറേഷനാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അറ്റകുറ്റപണികളുടെ ചുമതല. നഗര ഹൃദയത്തിലായിട്ടും കാത്തിരിപ്പ് കേന്ദ്രങ്ങളിലെ വെളിച്ചമില്ലായ്മ അധികൃതരുടെ ശ്രദ്ധയിപ്പെട്ടിട്ടില്ല.ആകെയുള്ള തെരുവ് വിളക്കുകൾ കൂടി പണിമുടക്കിയാൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർണമായും ഇരിട്ടിലാകും.സന്ധ്യ മയങ്ങുന്നതോടെ സാമൂഹ്യവിരുദ്ധരും ഇവിടങ്ങളിൽ തമ്പടിക്കും. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. അധികൃതർ ഇടപെട്ട് എത്രയും വേഗം കാത്തിരിപ്പ് കേന്ദ്രങ്ങളിൽ വെളിച്ചമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.