മറ്റുള്ളവരുടെ കാർഡ് ഉപയോഗിച്ച് സബ്സിഡി ഇനങ്ങൾ വാങ്ങാനാവില്ല
കൊല്ലം: കാർഡ് ഉടമകളല്ലാത്തവർ സബ്സിഡി സാധനങ്ങൾ കൂട്ടത്തോടെ വാങ്ങിയെടുക്കുന്നത് തടയാൻ സപ്ലൈകോയിലും ആധാർ അധിഷ്ഠിത ബയോമെട്രിംഗ് പഞ്ചിംഗ് ഏർപ്പെടുത്തുന്നു. ഇതിനായി പൊതുവിതരണ വകുപ്പിന്റെ പക്കലുള്ള റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം ഡേറ്റ സപ്ലൈകോയ്ക്ക് കൈമാറാൻ സർക്കാർ ഉത്തരവായി.
എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് എന്ന സോഫ്റ്റ്‌വെയർ വഴിയാണ് സപ്ലൈകോ സബ്സിഡി ഇനങ്ങൾ വിൽക്കുന്നത്. ഈ സാധനങ്ങൾ വാങ്ങുന്ന റേഷൻ കാർഡ് നമ്പർ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. ഇതിനാൽ മറ്റ് ഔട്ട്ലെറ്റുകളിൽ നിന്ന് ഇതേ മാസത്തെ സബ്സിഡി ഇനങ്ങൾ വാങ്ങാൻ കഴിയില്ല. എന്നാൽ മറ്റുള്ളവരുടെ റേഷൻകാർഡ് നമ്പർ ഉപയോഗിച്ച് ആർക്കു വേണമെങ്കിലും സബ്സിഡി ഇനങ്ങൾ വാങ്ങാം. ഇങ്ങനെ അനേകം റേഷൻകാർഡുകൾ ഉപയോഗിച്ച് സബ്സിഡി ഇനങ്ങൾ വാങ്ങി മറിച്ച് വിൽക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തുന്നത്. ചില ജീവനക്കാർ മാസാവസാനം മറ്റുള്ളവരുടെ റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതായും പരാതി ഉയർന്നിരുന്നു.
കാർഡ് ഉടമ, അല്ലെങ്കിൽ അംഗങ്ങൾ
പുതിയ സംവിധാനം വരുന്നതോടെ റേഷൻ കാർഡ് ഉടമയ്ക്കോ കാർഡ് അംഗങ്ങൾക്കോ മാത്രമേ സപ്ലൈകോ ഔട്ട്ലെറ്റുകൾ, മാവേലി സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങാനാവൂ. നിലവിലെ ആർ.സി.എം.എസ് ഡേറ്റയ്ക്ക് പുറമേ ഓരോ മാസവും പുതിയ കാർഡുകളുടെ വിവരങ്ങളും കാർഡുകളിൽ ഉണ്ടാകുന്ന കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും അടക്കമുള്ളവയും കൈമാറും. ഇ- പോസ് യന്ത്രങ്ങൾ വാങ്ങി വൈകാതെ പുതിയ സംവിധാനം പ്രാവർത്തികമാക്കാനാണ് സപ്ലൈകോയുടെ ആലോചന. സബ്സിഡി ഇനങ്ങളുടെ വില്പന ചെറിയ അളവിലെങ്കിലും കുറഞ്ഞാൽ സാമ്പത്തിക ബാദ്ധ്യതയിൽ നേരിയ കുറവെങ്കിലും ഉണ്ടാകുമെന്നാണ് സപ്ളൈകോയുടെ പ്രതീക്ഷ.