കാരുവേലിൽ :പവിത്രേശ്വരം പഞ്ചായത്തിലെ തുരുത്തേൽമുക്ക് - ഇന്ത്യൻ ബാങ്ക് ജംഗ്‌ഷൻ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് എട്ട് വർഷത്തോളമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചിലയിടത്ത് കാൽനട യാത്ര പോലും അസാദ്ധ്യമാണ്. ടൂ വീലർ യാത്രക്കാർ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പുതുമയല്ല. മഴക്കാലത്ത് വെള്ളക്കെട്ടാകുമ്പോൾ വൻ ഗർത്തങ്ങൾ തിരിച്ചറിയാൻ കഴിയാതെയാണ് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത്.

പഞ്ചായത്തിന്റെ അനാസ്ഥ

മൂന്ന് ക്ഷേത്രങ്ങളും രണ്ട് കശുഅണ്ടി ഫാക്‌ടറികളും ഒരു അങ്കണവാടിയുമുള്ള ഈ പ്രദേശത്തെ സാമാന്യം തിരക്കേറിയ റോഡിലാണ് ജനം ഇത്രയധികം യാത്രാദുരിതം അനുഭവിക്കുന്നത്. രണ്ട് കിലോമീറ്രർ മാത്രം ദൈർഘ്യമുള്ള റോഡ് നവീകരിക്കാത്തത് അനാസ്ഥ ഒന്നു കൊണ്ടു മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.പഞ്ചായത്തിലെ മറ്ര് റോ‌ഡുകൾ നിലവാരം പുലർത്തുമ്പോഴും ഈ റോഡ് മാത്രം സഞ്ചാരയോഗ്യമല്ല.

ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ടവർ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം

എൽ.തുളസീധരൻ

കാരുവേലിൽ ഏജന്റ്

എസ്.എൻ .ഡി .പി യോഗം കാരുവേലിൽ 829 ാം നമ്പർ ശാഖ പ്രസിഡന്റ്

പഞ്ചായത്തിലെ 10,11, 13 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.നേരത്തെ പഞ്ചായത്തിന്റെയും വെട്ടിക്കവല ബ്‌ളോക്ക് പഞ്ചായത്തിന്റെയും 10 ലക്ഷം വകയിരുത്തിയെങ്കിലും ഗുണനിലവാരത്തോടെ പണിയണമെങ്കിൽ തുക അപര്യാപ്‌തമായിരുന്നു.നവകേരള സദസിൽ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.സമാന്തരമായി കോവൂർ കുഞ്ഞുമോൻ എം. എൽ. എ യുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് നേടിയെടുക്കാനും ശ്രമിക്കുന്നുണ്ട്.വാർഡിലെ മറ്ര് ചില റോഡുകൾ സമാനമായ നിലയിൽ ഉന്നത നിലവാരത്തിലാണ് നവീകരിച്ചത്.

ജി. എൻ.മനോജ്

വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ.

വരുന്ന പദ്ധതിയിൽ റോഡ് നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. വികസന സെമിനാറിൽ ചർച്ച ചെയ്യും.

വി. രാധാകൃഷ്‌ണൻ

പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ്