പരവൂർ: നെടുങ്ങോലം രാമറാവു ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് കാരണം ചികിത്സക്കെത്തുന്ന

രോഗികൾ വലയുന്നു. എല്ലാ വിഭാഗത്തിനും കൂടി ഒറ്റ ഒ.പിയാണ് പ്രവർത്തിക്കുന്നത്. ദിവസങ്ങളായി രാവിലത്തെ അത്യാഹിത വിഭാഗം ഒ.പിയിൽ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ഡയാലിസിസ് യൂണിറ്റിലെ ഡോക്ടറും കാഷ്വാലിറ്റിയിലെ ഡോക്ടർമാരിൽ ഒരാളും അവധിയിൽ പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

അത്യാഹിത വിഭാഗത്തിൽ ഗുരുതരമായ രോഗികളെ പരിശോധിക്കുന്ന സമയത്ത് ഡയാലിസിസ് യൂണിറ്റിൽ നിന്ന് വിളിവന്നാൽ രോഗികളും ഡോക്ടർമാരും പെട്ടുപോകുന്ന സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ 24 മണിക്കൂറും ഏഴു ഡോക്ടർമാരാണുള്ളത്. കാഷ്വാലിറ്റിയിൽ ദിവസം മൂന്ന് ഡോക്ടർമാരുടെ സേവനം ആവശ്യമായിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് കാരണം ഗൈനക്കോളജി ശിശുരോഗ വിഭാഗം തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരും കാഷ്വാലിറ്റിയിൽ നിൽക്കേണ്ട അവസ്ഥയാണ്.

ചൊവ്വാഴ്ച ജീവിതശൈലി രോഗനിർണയത്തിനും ചികിത്സക്കും എത്തിയവർ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. പ്രതിദിനം 150- 200 രോഗികൾ എത്തുന്ന ഒ.പിയുടെ പ്രവർത്തനം അവതാളത്തിലായിട്ടും പകരം സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല.