
കൊല്ലം: ഡൽഹിയിൽ നടക്കുന്ന 75-ാമത് റിപ്പബ്ളിക് ദിനാഘോഷ പരിപാടികളിൽ ആദിവാസി ബാലൻ പ്രണവ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചെറുകരക്കാണി പ്രണവ് നിവാസിൽ കൂലിപ്പണിക്കാരായ പ്രദീപ് കുമാർ- ലാലി ദമ്പതികളുടെ മകനും കൊട്ടാരക്കര പുത്തൂർ പാങ്ങോട് ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയുമാണ് ഈ 14 വയസുകാരൻ.
പഴയചിറയിലെ എസ്.സി, എസ്.ടി ഹോസ്റ്റലിലാണ് താമസം. എസ്.ടി വിഭാഗം സ്കോളർഷിപ്പിൽ കൂടുതൽ മാർക്ക് നേടിയതും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുമാണ് പ്രണവിനെ തിരഞ്ഞെടുക്കാൻ കാരണമായത്. 22ന് കളക്ടറുടെ ചേംബറിൽ പ്രണവിനെ എത്തിക്കും. തുടർന്ന് സർക്കാർ പ്രതിനിധിയായിട്ടാണ് ഡൽഹിയിലേക്കുള്ള യാത്ര.
ആർ.ശങ്കറിന്റെ ജന്മഗ്രാമമായ പാങ്ങോട് ദേശത്തെ 75 വർഷം പിന്നിട്ട വിദ്യാലയത്തിൽ നിന്നു ഒരു കുട്ടിക്ക് റിപ്പബ്ളിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് അഭിമാനമാണ്.
-ഓമന ശ്രീറാം,
സ്കൂൾ മാനേജർ
................................
പ്രണവിന് ലഭിച്ച അംഗീകാരം സ്കൂളിനാകെ അഭിമാനമാണ്. അദ്ധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ചേർന്ന് യാത്രഅയപ്പ് നൽകും
ടി.ആർ.മഹേഷ്,
പ്രഥമാദ്ധ്യാപകൻ