 കോർപ്പറേഷന്റെ അമൃത് മാസ്റ്റർ പ്ലാനിന് അംഗീകാരം

കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം നഗരത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് സർക്കാർ അംഗീകാരം. നഗരത്തിലെ ജലാശയങ്ങളെയും ജനവാസ മേഖലകളെയും പൂർണമായും സംരക്ഷിച്ച് ഭൂവിനിയോഗം, ഗതാഗത ശൃംഖല, മേഖല നിർദ്ദേശങ്ങൾ, സോണിംഗ് റെഗുലേഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തി കൊല്ലം ടൗൺ പ്ലാനിംഗ് ഓഫീസിന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ മാപ്പിലാണ് 20 വർഷം മുന്നിൽ കണ്ടുള്ള വികസനം അടയാളപ്പെടുത്തിയിരിക്കുന്നത്. ടൂറിസം, ഗതാഗതം, മത്സ്യബന്ധനം, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനം നടപ്പാക്കും.

പ്രധാന നിർദ്ദേശങ്ങൾ

 ചിന്നക്കട റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് മൾട്ടി ലെവൽ പാർക്കിംഗ്, ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ, ഷെയർ സൈക്കിൾ പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ്

 ചിന്നക്കട, കോളേജ്, അയത്തിൽ ജംഗ്ഷനുകളുടെ വികസനം

 ആശ്രാമം, കുറവൻപാലം, ശങ്കേഴ്സ്, ചിന്നക്കട, കൊച്ചുപ്ലാമൂട്, വാടി, തങ്കശ്ശേരി, കാവൽ, കല്ലുപാലം, കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ സൈക്കിൾ ട്രാക്ക്

 21- 45 മീറ്റർ വീതിയിൽ ഔട്ടർ റിംഗ് റോഡുകൾ, 18- 25 മീറ്ററിൽ ഇന്നർ റോഡുകൾ

 മങ്ങാടിനടുത്ത് ട്രക്ക് പാർക്കിംഗ്, ലോഡിംഗ്, അൺലോഡിംഗ്, ഗോഡൗൺ, പെട്രോൾ പമ്പ് തുടങ്ങിയ സൗകര്യങ്ങളുള്ള ട്രക്ക് ടെർമിനൽ

 കണ്ടച്ചിറയിൽ ആംഫി തിയേറ്റർ, ബഫർ ഏരിയ, പക്ഷികളുടെ ആവാസ കേന്ദ്രം, സാംസ്‌കാരിക വാണിജ്യകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുള്ള ടൂറിസം കേന്ദ്രം

 ലിങ്ക് റോഡ് മുതൽ തോപ്പിൽക്കടവ് വരെ അഷ്ടമുടിക്കായലിന്റെ തീരത്ത് നടപ്പാത

 സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനുകൾ

 ബീച്ചിന് സമീപം എക്‌സിബിഷൻ സെന്റർ, വിനോദകേന്ദ്രം, മറൈൻ പ്ലാന്റ്, അക്വേറിയം

 ആശ്രാമത്ത് പൈതൃകത്തെരുവ്

 ആശ്രാമത്തെയും മങ്ങാടിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട റോഡിനോട് ചേർന്ന് അഷ്ടമുടിക്കായൽ തീരത്ത് ടൂറിസം പ്രൊമോഷൻ സോൺ

 കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ ശുചിത്വ പാർക്ക്