
കൊല്ലം: പുത്തൂർ കളത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ പരിക്കേറ്റ രണ്ടു മൂർഖൻ പാമ്പുകൾക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓപ്പറേഷൻ ടേബിളിൽ പുനർജന്മം. പുറത്തു ചാടിയ കുടൽമാലയുൾപ്പെടെ ഉള്ളിലാക്കി ഡോക്ടർമാർ തുന്നിച്ചേർത്തു
വനംവകുപ്പിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം വിവരമറിയിച്ചതനുസരിച്ച് മൂർഖൻമാരെ പുത്തൂരിൽ നിന്ന് പ്രത്യേക വാഹനത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അഴത്തിലുള്ള മുറിവുകളിലൂടെ ആന്തരിക അവയവങ്ങൾ പുറത്തു വന്ന നിലയിലായിരുന്നു ആറടിയോളം നീളമുള്ള പാമ്പുകൾ. ഉടൻ തന്നെ മയക്കുമരുന്നുകൾ നൽകി ശസ്ത്രക്രിയ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കി. ആന്റിബയോട്ടിക്കും അനുബന്ധ മരുന്നുകളും നൽകുന്നുണ്ട്
മുറിവ് പൂർണ്ണമായും ഉണങ്ങി ആരോഗ്യം വീണ്ടെടുക്കുന്നതോടെ ശെന്തരുണി വന്യജീവി സങ്കേതത്തിൽ സ്വതന്ത്രമാക്കുമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ. അൻവർ പറഞ്ഞു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈൻകുമാറിന്റെ നിർദ്ദേശപ്രകാരം വെറ്ററിനറി സർജൻമാരായ ഡോ. സജയ് കുമാർ, ഡോ. സേതുലക്ഷ്മി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി റേഞ്ചർ കെ.എസ്. സേതുമാധവൻ, ജീവനക്കാരായ ബിജുമോൻ, അജിത് മുരളി, ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയയ്ക്കിടെ പാമ്പുകളെ പി.വി.സി കുഴലുകളാക്കി നിയന്ത്രിച്ചത്.