കൊല്ലം: സുന്നി യുവജന സംഘം (എസ്.വൈ.എസ്) പ്ലാറ്റി‍നം ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല പ്രഖ്യാപന സമ്മേളനം 13ന് കൊല്ലം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 ന് സമസ്ത ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് മുസ്‌ലിയാർ പതാക ഉയർത്തും. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 1700 പേർ പങ്കെടുക്കും.

സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അദ്ധ്യക്ഷത വഹിക്കും. പ്ലാറ്റിനം ജൂബിലി ഇയറും സമാപന സമ്മേളനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതികളും പ്രവർത്തന രൂപരേഖയും സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ് അവതരിപ്പിക്കും. പൊന്മള അബ്ദുൽ ഖാദർ മുസലിയാർ, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി തുടങ്ങിയയവർ പങ്കെടുക്കും.

വൈകിട്ട് 4 ന് നടക്കുന്ന യുവജന റാലി ആശ്രാമത്ത് നിന്നന്നാരംഭിച്ച് ചാമക്കട വഴി ചിന്നക്കടയിൽ സമാപിക്കും. കേരള മുസ്‌ലിം ജമാഅത്തിന്റെ അഭിവാദ്യ പ്രകടനവും റാലിയോടൊപ്പമുണ്ടാകും. മുസ്ളിം ജമാഅത്ത് പ്രസിഡന്റ് ഡോ. എൻ. ഇല്യാസ് കുട്ടി, ജനറൽ കൺവീനർ ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ജില്ലാപ്രസിഡന്റ് സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി, ജില്ലാസെക്രട്ടറി അഹ്മദ് സഖാഫി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.