പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കാരാളിമുക്ക് വളഞ്ഞവരമ്പ് ,നെൽപ്പുരക്കുന്ന്, കടപുഴ റൂട്ടിലെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു .പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഏറെ തടസം സൃഷ്ടിച്ചിരുന്നത് കോതപുരം തലയിണക്കാവിലെ റെയിൽവേ ഗേറ്റും വെട്ടിയ തോടിലെ കാലപ്പഴക്കം ചെന്ന അപകടകരമായ പാലവുമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് തലയിണക്കാവിൽ റെയിൽവേ ഗേറ്റ് ഒഴിവാക്കി പകരം പുതിയ അടിപ്പാത നിർമ്മിച്ച് പൊതുഗതാഗതത്തിന് തുറന്നു കൊടുത്തു. വെട്ടിയ തോടിൽ പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചു വരുന്നത് അടുത്തമാസം ആദ്യവാരം തുറന്നു കൊടുക്കും.അതോടെ ഇവിടുത്തെ പ്രധാന തടസങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും.

യാത്രക്കാർക്ക് സാമ്പത്തിക നഷ്ടം

വെട്ടിയതോട് പാലം പണി തുടങ്ങിയതോടെ കഴിഞ്ഞ രണ്ടര വർഷമായി ഇതുവഴി ഉണ്ടായിരുന്ന കെ.എസ് .ആർ.ടി.സി , പ്രൈവറ്റ് ബസുകളുടെ സർവീസുകൾ നിലച്ചു.അതോടെ സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു തുടങ്ങി. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ, അദ്ധ്യാപകർ, ജീവനക്കാർ, മറ്റ്സർക്കാർ , അർദ്ധസർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, മൺട്രോത്തുരുത്ത്, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുകളിലേക്ക് ദിനംപതി ബസുകളെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർ ഇവരെല്ലാം വൻ സാമ്പത്തിക നഷ്ടം സഹിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.

ബസ് സർവീസ് തുടങ്ങണം

കൊല്ലം, കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ചവറ ,ടൈറ്റാനിയം ജംഗ്ഷൻ, കാരാളിമുക്ക്, കോതപുരം, നെൽപ്പരക്കുന്ന് വഴി കടപുഴയ്ക്കും കൊല്ലം , കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് കുണ്ടറ, ചിറ്റുമല , കടപുഴ , നെൽപ്പുരക്കുന്ന്, കോതപുരം വഴി കാരാളിമുക്കിനും സർവീസുകൾ വേണമെന്നുള്ളതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പഞ്ചായത്തിലെ കടപുഴ ജംഗ്ഷൻ വഴി കടന്നു പോകുന്ന കൊല്ലം , തേനി ദേശീയപാതയെയും കാരാളിമുക്ക് വഴി കടന്നു പോകുന്ന ചവറ, ഭരണിക്കാവ് സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിച്ച് കല്ലടയാറിന് സമാന്തരമായുള്ള പി.ഡബ്ല്യു.ഡി റോഡ് വഴി ബസ് സർവീസ് തുടങ്ങിയാൽ പടിഞ്ഞാറേ കല്ലട മൺട്രോത്തുരുത്ത് പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഇവിടെ വരുന്ന വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. ഒപ്പം കെ.എസ്.ആർ.ടി.സി യുടെ ദിവസ വരുമാനവും വർദ്ധിപ്പിയ്ക്കാം.