കൊല്ലം: കേരള ബാങ്ക് എംപ്ലായീസ് കോൺഗ്രസിന്റെ (എ.ഐ.ബി.ഇ.എ) നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30ന് വാഹന പ്രചാരണ ജാഥ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ആർ.പ്രതാപചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്യും.പി.ആർ.പ്രതാപചന്ദ്രൻ അദ്ധ്യക്ഷനാകും. ചിന്നക്കടയിലെ കേരളബാങ്ക് ജില്ലാ ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ജാഥ കൊട്ടാരക്കരിയിൽ സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം എ.ഐ.ബി.ഇ.എ സംസ്ഥാന സെക്രട്ടറി കെ.എസ്.ശ്യാംകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നിർവാഹ സമിതി അംഗം പി.കെ.നന്ദകുമാർ അദ്ധ്യക്ഷനാകും.

യൂണിയൻ ജില്ലാ ട്രഷറർ അലക്സ് കെ.പണിക്കർ, യൂണിയൻ വനിതാ വേദി ജില്ലാ ചെയർപേഴ്സൺ ചിത്രലേഖ എന്നിവർ ജാഥ നയിക്കും.കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയെയും കേരളാ ബാങ്കിനെയും പ്രതികൂലമായി ബാധിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുന്നതിന് സംഘടന തീരുമാനിച്ചെന്ന് പി.ആർ.പ്രതാപചന്ദ്രൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം.എസ്.ശക്തിധരൻ പിള്ള, ജില്ലാ ട്രഷറർ അലക്സ് കെ.പണിക്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.