കൊല്ലം: നീണ്ടകര പാലം മുതൽ ചവറ പാലം വരെ നടക്കുന്ന റോഡ് നിർമ്മാണം നീണ്ടകര നിവാസികളുടെ ജീവിത രീതികൾ തകർക്കുന്ന നിലയിലാണെന്നും അവരുടെ ആശങ്ക അകറ്റണമെന്നും പഞ്ചായത്ത് സമിതി ബി.ജെ.പി പ്രസിഡന്റ് മന്മഥൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമ്മാണം അശാസ്ത്രീയവും അപകടകരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. നീണ്ടകര ഭാഗത്ത് താമസിക്കുന്ന 85 ശതമാനം പേരുടെയും ഏക ആശ്രയമായ ഫൗണ്ടേഷൻ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് പെട്ടെന്ന് എത്താൻ കഴിയാത്ത രീതിയിലാണ് നിർമ്മാണം നടക്കുന്നത്. ആശുപത്രിക്കു സമീപം അടിപ്പാത വേണമെന്ന ആവശ്യവും അധികൃതർക്കു മുന്നിൽ അവതരിപ്പിച്ചു. അത്യാഹിതം സംഭവിച്ച രോഗിയുമായി എത്തുന്ന വാഹനങ്ങൾ അടിപ്പാതയില്ലാത്തതിനാൽ കറങ്ങി ആശുപത്രിയിൽ എത്തേണ്ട അവസ്ഥയുണ്ടാകും. ഈ വിഷയം പലതവണ എം.പിയുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽ കൊണ്ടു വന്നതാണെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്മഥൻ അറിയിച്ചു. പൊതുമരാമത്ത് മന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും ബി.ജെ.പി ഉടൻ പരാതി നൽകും.സെക്രട്ടറി സന്തോഷ് കോടിയിൽ,ഗ്രാമപഞ്ചായത്ത് മെമ്പർ ശരത്,ട്രേഡേഴ്‌സ് സെൽ ജില്ലാ കൺവീനർ ശശികുമാർ,മണ്ഡലം ട്രഷറർ സുനിൽദത്തൻ,പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് വിജയൻ എന്നിവർ പങ്കെടുത്തു.