എഴുകോൺ : കരാർ കാലാവധി അവസാനിച്ചിട്ടും കരീപ്രയിലെ കുടിവെള്ള പദ്ധതിയായ കൽച്ചിറയിലെ തടയണയുടെ തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർ നിർമ്മാണം തുടങ്ങിയില്ല. കരാറുകാരനെ ബന്ധപ്പെടാനെ കഴിയുന്നില്ലെന്നാണ് നിർമ്മാണ ചുമതലയുള്ള മൈനർ ഇറിഗേഷൻ അധികൃതർ പറയുന്നത്. കരീപ്ര ഗ്രാമ പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയാണ് കൽച്ചിറ. തടയണയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് നാളുകളായി.
മണൽ ചാക്കുകൾ പോര
ജല അതോറിട്ടി മൈനർ ഇറിഗേഷനിൽ ഡെപ്പോസിറ്റ് ചെയ്ത 32.50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കായി ജൂലായ് 13 ന് കുടവട്ടൂർ സ്വദേശിയാണ് കരാർ ഉറപ്പിച്ചത്. അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിർമ്മാണ വേലകൾ തുടങ്ങിയില്ല. ആറു മാസമാണ് കരാർ കാലാവധി.
കുടിവെള്ള പദ്ധതിയുടെ ജലസ്രോതസായ കൽച്ചിറ ചിറയിൽ തുടക്കത്തിൽ മേജർ ഇറിഗേഷനാണ് തടയണയും സംരക്ഷണ ഭിത്തിയും നിർമ്മിച്ചത്. സംരക്ഷണ ഭിത്തി ചോരാനും തകരാനും തുടങ്ങിയിട്ട് നാളുകളായി. രണ്ട് വർഷം മുമ്പാണ് പൂർണമായി തകർന്നത്. പിന്നീട് ഗ്രാമ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ നൽകി നിർമ്മിച്ച പുതിയ ഭിത്തിയും മഴക്കാലത്ത് തകർന്നു. മണൽ ചാക്കുകൾ അടുക്കി വെള്ളം തടഞ്ഞ് നിറുത്തിയെങ്കിലും അതും ഫലവത്തായില്ല .
കടുത്ത കുടിവെള്ള ക്ഷാമം
ബണ്ടിന്റെ സ്ഥിതി തുടർന്നാൽ പമ്പിംഗ് മുടങ്ങി വേനൽക്കാലത്ത് കരീപ്രയിൽ കടുത്ത കുടിവെള്ള ക്ഷാമമാകും ഉണ്ടാവുക.രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും രണ്ടു മുതൽ വൈകിട്ട് ആറു വരെയും രാത്രി പത്തു മുതൽ രാവിലെ ആറു വരെയും മൂന്ന് ഷിഫ്റ്റുകളിലാണ് ഇപ്പോൾ വെള്ളം പമ്പ് ചെയ്യുന്നത്. സ്രോതസിൽ മതിയായ വെള്ളം തങ്ങി നിൽക്കാത്തതിനാൽ വെള്ളത്തിലിടുന്ന 30 എച്ച്.പി. മോട്ടോർ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല.വേനലെന്നോ മഴക്കാലമെന്നോ ഭേദമില്ലാതെ കടുത്ത ജലക്ഷാമം ഉള്ള നിരവധി പ്രദേശങ്ങൾ കരീപ്രയിലുണ്ട്. ഇവിടങ്ങളിലെ ഏക ആശ്രയം കൽച്ചിറ പദ്ധതിയാണ്.
കരാറുകാരനെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചു.
ഫോണിലും കിട്ടാത്ത സ്ഥിതിയാണ്.
എക്സി.എൻജിനീയർ മൈനർ ഇറിഗേഷൻ,
കൊല്ലം