
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ആയൂർ ഇളമാട് ചരുവിളവീട്ടിൽ ആൽബിനെ (21) റൂറൽ എസ്.പി നിയോഗിച്ച ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു അറസ്റ്റ്. വിശാഖപട്ടണത്തു നിന്ന് ട്രെയിനിൽ കോട്ടയത്ത് എത്തിയ ശേഷം കൊട്ടാരക്കരയിലേക്ക് ബസിൽ വരികയായിരുന്നു ആൽബിൻ. യാത്രാബാഗിൽ രണ്ട് പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ട് ദിവസം മുൻപ് പൊലിക്കോട് നിന്നു രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയവരെ ചോദ്യം ചെയ്തപ്പോഴാണ് ആൽബിന്റെ വിവരങ്ങൾ ലഭിച്ചത്. റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം സൈബർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ നിരീക്ഷിച്ചു. ഡിവൈ.എസ്.പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക്, സി.പി.ഒമാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ്, കൊട്ടാരക്കര സി.ഐ വി.എസ്.പ്രശാന്ത്, പൂയപ്പള്ളി സി.ഐ ബിജു, ചടയമംഗലം സി.ഐ സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.