കൊല്ലം: യുവാവിനെ ആക്രമിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പൊലീസ് പിടിയിലായി. കന്നിമേൽച്ചേരി മധുരം വീട്ടിൽ കിഴക്കതിൽ ഷംനാദാണ്(28) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പ് ശക്തികുളങ്ങര മരിയാലയം പെട്രോൾ പമ്പിന് സമീപം നിന്ന യുവാവിനോട് സിഗരറ്റ് ആവശ്യപ്പെട്ടതിനെ തുടന്ന് ഷംനാദും ഒന്നാം പ്രതിയായ ഷാനും യുവാവും തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇവർ യുവാവിന്റെ വയറിൽ കുത്തുകയായിരുന്നു. ആക്രമണം കണ്ട് തടസം പിടിക്കാൻ ഓടിയെത്തിയ യുവാവിന്റെ സുഹൃത്തുക്കളെയും പ്രതികൾ അക്രമിച്ചു. കേസിലെ ഒന്നാം പ്രതി ഷാനെ നേരത്തെ പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ, സി.പി.ഒ അജിത് ചന്ദ്രൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.