കൊട്ടാരക്കര: രോഗ ദുരിതങ്ങൾ വേട്ടയാടിയ സഹോദരിമാർക്ക് അഭയമൊരുക്കി കലയപുരം ആശ്രയ സങ്കേതം. കുളത്തൂപ്പുഴ 14ാം വാർഡ് നെല്ലിമൂട് പുതുപ്പറമ്പിൽ വീട്ടിൽ കുഞ്ഞമ്മയെയും(72) സഹോദരി ലീലാമ്മ (65)യെയുമാണ് ആശ്രയ ഏറ്റെടുത്തത്. കുഞ്ഞമ്മയ്ക്ക് ശാരീരിക വൈകല്യത്തിനൊപ്പം മാനസിക പ്രശ്നവുമുണ്ട്. ലീലാമ്മ തളർന്നു കിടക്കുന്ന അവസ്ഥയിലുമാണ്. പരിസര വാസികളും കുളത്തൂപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ഇടവകാംഗങ്ങളുമാണ് ഇരുവർക്കും സഹായമായി നിന്നിരുന്നത്. അവിവാഹിതരായ ഇരുവർക്കും ബന്ധുക്കളുമുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നിരുന്നില്ല.
ലീലാമ്മ 15 വർഷക്കാലം ഗൾഫിൽ സ്റ്റിച്ചിംഗ് മേഖലയിൽ ജോലി നോക്കിയിരുന്നു. അങ്ങനെ സ്വരുക്കൂട്ടിയ പണം കൊണ്ട് നാട്ടിൽ പണിത വീട്ടിൽ അവിവാഹിതയായ സഹോദരിക്കൊപ്പം താമസിച്ചു വരികയായിരുന്നു. നാട്ടിൽ പിന്നീട് തയ്യൽകട നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ സഹോദരി കുഞ്ഞമ്മയ്ക്ക് ചെറിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ കണ്ടു തുടങ്ങി. അതോടൊപ്പം വാർദ്ധക്യത്തിന്റെ അവശതകൾ ഇരുവരെയും പിടികൂടി. ഇവരുടെ ദയനീയ ജീവിതത്തെ കുറിച്ച് അറിയാനിടയായ ആശ്രയ സങ്കേതം ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു. ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസും പ്രവർത്തകരും ചേർന്ന് ഇരുവരെയും ഏറ്റെടുത്തു. തുടർന്ന് ലീലാമ്മ കൊട്ടാരക്കര താലൂക്കാശുപത്രിയിലും കുഞ്ഞമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലും വിദഗ്ധ ചികിത്സയിലാണ്.