ഓഫീസ് കെട്ടിടം അടുത്തമാസം പൂർത്തിയാകും

കൊല്ലം: അതിവേഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഓഫീസുകൾക്ക് വേണ്ടിയുള്ള മൂന്നു നില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ഫെബ്രുവരിയോടെ പൂർത്തിയാകും. 27,500 ചതുരശ്രഅടി വിസ്തീർണമുള്ള സമുച്ചയത്തിൽ വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്.

പണി തീരുന്നതനുസരിച്ച് പ്രധാന കെട്ടിടത്തിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. അതിനുശേഷം ഘട്ടം ഘട്ടമായി പ്രധാനകെട്ടിടം പൊളിച്ചു മാറ്റും. നിലവിൽ പ്ലാസ്റ്ററിംഗ് ജോലികൾ പുരോഗമിക്കുകയാണ്. സീനിയർ സെക്ഷൻ എൻജിനീയർ ഓഫീസ് കെട്ടിടത്തിന്റെ നിർമാണ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഇവിടെ പെയിന്റിംഗ് ജോലികൾ നടക്കുന്നു.

വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളുള്ള എയർ കോൺകോഴ്‌സ് ആണ് ആകർഷകം. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നതാണ് എയർ കോൺകോഴ്‌സ്. നാല് എസ്‌കലേറ്ററുകളും നാലു ലിഫ്റ്റുകളും സ്ഥാപിക്കും. പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴികൾ, ഫുഡ്കോർട്ട്, എ.ടി.എമ്മുകൾ, മാളുകൾ എന്നിവയെല്ലാം ഉണ്ടാകും. വടക്കുവശമുളള രണ്ടാം ടെർമിനലിൽ ഒന്നാം ടെർമിനലിൽ ഉള്ളത് കൂടാതെ ടിക്കറ്റ് കൗണ്ടർ, ബുക്കിംഗ് ഓഫീസ്, ബാഗേജ് സ്‌കാനർ, കമ്പ്യൂട്ടർ ബേസ്ഡ് എൻർജി എക്‌സ് റേ, മൾട്ടി എൻർജി എക്‌സ്‌റേ എന്നിവ ഒരുക്കും. ഗാംഗ് റെസ്റ്റ് റൂമിന്റെ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. തെക്കുഭാഗത്തെ ടെർമിനലിലെ ടെസ്റ്റ് പൈലിംഗുകളും പൂ‌ർത്തിയായി.

239 ബൈക്കുകൾ, 150 കാറുകൾ

പാർക്കിംഗ് പ്രശ്‌ന പരിഹാരത്തിന് അഞ്ച് നിലകളുളള മൾട്ടി ലെവൽ കാർ പാർക്കിംഗ് ആണ് നിർമ്മിക്കുന്നത്. സമുച്ചയത്തിൽ രണ്ട് ലിഫ്റ്റുകൾ ഒരുക്കും. ഒരേ സമയം 239 ബൈക്കുകൾക്കും 150 കാറുകൾക്കും സുഗമമായി പാർക്ക് ചെയ്യാനാകും. ഒരു വശത്തെ റാമ്പിന്റെ പണികൾ തുടങ്ങി. 2026 ന് മുൻപ് പണി പൂർത്തിയാക്കാനാണ് പരിശ്രമം. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനീയറിംഗും (റൈറ്റ്സ്) ബംഗുളൂരു ആസ്ഥാനമായ സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

...............................

 പദ്ധതിയുടെ ആകെ ചെലവ്: 361.18 കോടി

കരാർ നൽകിയത് 2022 ൽ

 നിർമാണം പൂർത്തിയാകേണ്ടത്: 2026 ജനുവരി 21

2041 വരെ ലക്ഷ്യമിട്ടുള്ള വികസന പദ്ധതി