പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ റൂട്ടിലെ പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗത്ത് ഇലക്ട്രിക് ട്രെയിൻ ഓടിക്കുന്നതിനുള്ള വൈദ്യുതികരണ ജോലികൾ പുരോഗമിക്കുന്നതിനിടെ പുനലൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് 110 കെ.വി വൈദ്യുതി ലഭ്യമാക്കാനുള്ള ഭൂഗർഭ കേബിളുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിച്ചു. കൊല്ലം-പുനലൂർ റെയിൽവേ റൂട്ടിൽ വൈദ്യുതീകരണ ജോലികൾ നേരത്തെ പൂർത്തിയാക്കി, ഇലക്ട്രിക് ട്രെയിൻ നേരത്തെ സർവീസ് ആരംഭിച്ചിരുന്നു. പെരിനാടുള്ള ട്രാക്ഷൻ സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചായിരുന്നു സർവീസ് നടത്തി വരുന്നത്. പുനലൂരിൽ പുതിയ സബ് സ്റ്റേഷൻ ഒരു വർഷം മുമ്പ് പണിതെങ്കിലും കെ.എസ്.ഇ.ബി.യിൽ നിന്ന് വൈദ്യുതി ലഭിച്ചിരുന്നില്ല.
റെയിൽവേയും കെ.എസ്.ഇ.ബിയും തമ്മിൽ
റെയിൽവേയും കെ.എസ്.ഇ.ബിയും തമ്മിലുള്ള ശീത സമരത്തെ തുടർന്നായിരുന്നു നടപടികൾ നീണ്ട് പോയത്. ഇപ്പോൾ കെ.എസ്.ഇ.ബിയുടെ പുനലൂർ പവർ ഹൗസിലെ സബ് സ്റ്റേഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന് സ്ഥാപിച്ച സബ് സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ 28.07 കോടിയോളം രൂപ റെയിൽവേ കെ.എസ്.ഇ.ബിക്ക് അടച്ചു. പി.എസ്.സുപാൽ എം.എൽ.എ, കെ.എസ്.ഇ.ബിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത്.എന്നാൽ രണ്ട് വിഭാഗങ്ങളും തമ്മിൽ തർക്കം നില നിൽക്കുമ്പോൾ തന്നെ പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള റെിൽവേ റൂട്ടിലെ ദുർഘട മേഖലയിലും വൈദ്യുതീകരണ ജോലികൾ ആരംഭിച്ചിരുന്നു. അഞ്ച് ടണലുകളും നിരവധി കണ്ണറ പാലങ്ങളുമുള്ള റെയിൽവേ റൂട്ടിൽ സാഹസികമായിട്ടാണ് വൈദ്യുതികരണ ജോലികൾ പുരോഗമിച്ച് വരുന്നത്.
എം.എൽ.എയുടെ ഇടപെടൽ
നിലവിലെ പുനലൂർ-ചെങ്കോട്ട ലൈനിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയാകുന്നതോടെ കൊല്ലം-ചെന്നൈ റെയിൽവേ റൂട്ടിൽ പൂർണമായും ഇലക്ട്രിക് ട്രെയിൻ ഓടിക്കാൻ കഴിയും. ഇതിനാണ് പുനലൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് റെയിൽവേ പണിത സബ് സ്റ്റേഷനിൽ ഭൂഗർഭ ലൈൻ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ളതടസങ്ങൾ മാറ്റി കിട്ടാൻ എം.എൽ.എ നിരവധി തവണ ഇടപെട്ടത്. മേയ് മാസത്തോടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടെ പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിൽ 23 കോച്ചുകളുമായി ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. നിലവിൽ 14 കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാനായിരുന്നു കൂടുതൽ കോച്ചുകളുമായി പരീക്ഷണ ഓട്ടം നടത്തിയത്.