ഇടമുളയ്‌ക്കൽ : കർഷകർ ഒന്നടങ്കം കൃഷി ഉപേക്ഷിച്ചതോടെ നാടുവിട്ട് കാട്ടുപന്നിക്കൂട്ടം. ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ മതുരപ്പ,തേവർതോട്ടം, വേലംകോണം, അയത്തിൽ ഭാഗങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. ശല്ല്യം രൂക്ഷമായതോടെയാണ് ഇടമുളയ്‌ക്കൽ പഞ്ചായത്ത് രംഗത്ത് എത്തിയത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ പിൻബലത്തിലാണ് ജനവികാരം മനസിലാക്കി പഞ്ചായത്ത് അധികൃതർ വേട്ടക്കാരനെ ഇറക്കിയത്. നാട്ടുകാരുടെ സഹായത്തോടെ രാത്രികാലങ്ങളിൽ പന്നിയെ കൊല്ലാൻ ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. മൂന്ന് കൂട്ടമായി തിരിഞ്ഞു നാട്ടിൽ സ്വൈരമായി വിഹരിച്ച അറുപതോളം പന്നികളെ ജനം രാത്രിയിൽ വേട്ടക്കാരന് ചൂണ്ടി കാട്ടിയെങ്കിലും ഉന്നം തെറ്റി. കുറ്റിക്കാട്ടിനിടയിൽ പന്നികളെ കൃത്യമായി ഉന്നമിടാൻ കഴിയുന്നില്ലെന്നായിരുന്നു വേട്ടക്കാരന്റെ ഭാഷ്യം .കൃഷിക്കാർ പിരിവെടുത്ത് ദിവസം 1000 രൂപയും ചെലവും വഹിച്ചാണ് വേട്ടക്കാരനെ നിലനിറുത്തിയത്. ആൾ മറയില്ലാത്ത ഒരു കിണറ്റിൽ അകപ്പെട്ടു പോയ ഒരു പന്നിയെ മാത്രമാണ് വേട്ടക്കാരന് വെടിവെച്ചു കൊല്ലാനായത്.
കുരങ്ങ് ശല്ല്യവും രൂക്ഷം
ചീനി, വാഴ, റബർ, വെറ്റ എന്നീ വിളകൾ കൂടാതെ അടുക്കളത്തോട്ടങ്ങളിലെ പച്ചക്കറിക്കൃഷിയും വ്യാപകമായി നശിപ്പിക്കപ്പെട്ടു. കർഷകർ ചാണകം ഉണക്കാൻ മൂടിയിട്ടിരുന്ന വില കൂടിയ ടാർപ്പ പായ്‌കളും പന്നിക്കൂട്ടം കടിച്ചു കീറി. കുരങ്ങ് ശല്ല്യവും കർഷകർക്ക് ഭീഷണിയാകുന്നു. വെള്ളയ്‌ക്ക ഉൾപ്പടെ നശിപ്പിച്ചാണ് തെങ്ങുകളിൽ വാനരക്കൂട്ടം വിഹരിക്കുന്നത്. അടയ്‌ക്ക മരങ്ങളിൽ നിന്ന് പാക്കും കുലയോടെ നശിപ്പിക്കുന്നു
വീട്ടുപുരയിടങ്ങളിലെ കുറ്റിക്കാട്ടിൽ കാട്ടുപന്നികൾ പതിയിരിക്കുന്നതിനാൽ കാട് വെട്ടി തെളിക്കുന്ന ജോലി തൊഴിലുറപ്പ് പദ്ധതിയിലെ സ്‌ത്രീകളെ ഏൽപ്പിച്ചിരിക്കുകയാണ് പഞ്ചായത്ത്.
എൻ. സുശീല മണി
മതുരപ്പ വാർഡ് അംഗം