കൊട്ടാരക്കര: കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഡോക്യുമെന്ററി - ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് കൊട്ടാരക്കര മിനർവ എംപയർ തീയേറ്ററിൽ തുടക്കമായി. തീയേറ്ററിലെ ബിഗ് സ്ക്രീനിലാണ് മൂന്ന് ദിനങ്ങളിലായി 36 ഹ്രസ്വചിത്രങ്ങളും 9 ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംഘാടക സമിതി ചെയർമാനുമായ കെ.അനിൽകുമാർ അമ്പലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടി ശോഭാ മോഹൻ ഭദ്രദീപ പ്രകാശനം നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ പല്ലിശേരി, സി.മുരളീധരൻ പിള്ള, പി.കെ.ജോൺസൺ, എ.എസ്.ഷാജി, സംവിധായകൻ വിജയകൃഷ്ണൻ, അശ്വിനി കുമാർ, ജ്യോതിഷ് എന്നിവർ സംസാരിച്ചു. കെ.എസ്.ഇന്ദുശേഖരൻ നായർ, രഞ്ജിലാൽ ദാമോദർ, ആർ.ശിവകുമാർ, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ശാസ്താംകോട്ട ഭാസ്, മേലില രാജശേഖരൻ, കോട്ടാത്തല ശ്രീകുമാർ, ഷക്കീല അസീസ്, ലതികകുമാരി, പ്രഭാകുമാരി എന്നിവർ പങ്കെടുത്തു. അത്തർ, ഓളാട, ഒരു സ്വർണനാണയത്തിന്റെ കഥ, തെളി വെയിൽ, കാൻ, ചിതിക, അന്നം, ഒന്നാം പൂച്ചവിപ്ളവം, ഗുരുസാഗരം, ശരി, പഴംപൊരി, ദെയർ സ്റ്റോറി, ഇരുൾ വീണ വെള്ളിത്തിര, സ്നിഗ്ധം, സോഷ്യൽ വർക്കർ, വേരുകൾ പൂക്കുമ്പോൾ എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ആദ്യദിവസം പ്രദർശിപ്പിച്ചത്. ഇന്ന് 20 ഹ്രസ്വ ചിത്രങ്ങളും നാളെ 9 ഹ്രസ്വചിത്ര-ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. നാളെ ഉച്ചക്ക് 12ന് ജൂറി ചെയർമാൻ വിജയകൃഷ്ണന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കും. വൈകിട്ട് 4ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡുകൾ സമർപ്പിക്കും. മൂന്ന് ദിനങ്ങളിലും മിനർവ എംപയർ തീയേറ്ററിൽ പ്രദർശനം സൗജന്യമാണ്.