arrest

കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അന്യസംസ്ഥാനക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് ഖാസിയബാദ് സ്വദേശി ദിപ്‌തേഷ് ചക്രബോർട്ടി (35) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇസ്രയേലിലെ കെയർ ടേക്കർ കാറ്റഗറിയിലുള്ള ഓഫീസറുമായി നല്ല ബന്ധമുണ്ടെന്നും നല്ല ശബളം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് നിരവധി പേരുടെ പക്കൽ നിന്ന് 7.5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഇയാളും മറ്റു പ്രതികളും ചേർന്ന് കൈക്കലാക്കിയിരുന്നു.

2022 മാർച്ച് 14 നും 2023 ഫെബ്രുവരി 14 നും മദ്ധ്യേയാണ് പ്രതികൾ രണ്ടുലക്ഷം രൂപ ശബളം വാഗ്ദാനം ചെയ്ത് ഇസ്രായേൽ സർക്കാരിന്റെ പേരിൽ വ്യാജ വിസ നൽകി കബളിപ്പിച്ചത്.

ചതിയ്ക്കപ്പെട്ടെന്നറിഞ്ഞതോടെ പരാതിക്കാർ ഇരവിപുരം പൊലീസിൽ പരാതി നൽകി. കേസിൽ മൈക്കിൾ ഔസേഫ്, പ്രണവ്, ഷീജ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതി ദിപ്‌തേഷിനെ ഡൽഹിയിൽ നിന്നും ഇരവിപുരം സബ് ഇൻസ്‌പെക്ടർ അനീഷ്‌കുമാർ, സി.പി.ഒ അരുൺ, പ്രിൻസ് ചാക്കോ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.