കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജിൽ പുത്തൻ തറയിൽ വീട്ടിൽ രാഘവൻ മകൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കൊല്ലം 1-ാം അഡിഷണൽ സെഷൻസ് ജഡ്‌ജ് പി.എൻ.വിനോദ് വെറുതേവിട്ടു.

രാജേഷിന്റെ ഭാര്യയും നാലാം പ്രതിയുമായ വിദ്യയും അയൽവാസിയും മൂന്നാം പ്രതിയുമായ ക്ലാപ്പന വടക്കുമുറിയിൽ സുരേഷുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം രാജേഷ് വിദേശത്തായിരുന്നു. 2015 ഒക്ടോബറിൽ ഗൾഫിൽ നിന്നു നാട്ടിലെ ത്തിയ രാജേഷ് വിദ്യയെ മർദ്ദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. പിന്നീട് തിരികെയെത്തിയ വിദ്യയെ രാജേഷ് വീണ്ടും മർദ്ദിച്ചു. വിദ്യ വിവരം സുരേഷിനെ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ ക്ലാപ്പന സുനീഷ് ഭവനം വീട്ടിൽ സുനീഷ്, രണ്ടാം പ്രതി ക്ലാപ്പന കടപ്പുറത്തേരിൽ കിഴക്കതിൽ രാജീവ് (കണ്ണൻ) എന്നിവരുമായി ഗൂഢാലോചന നടത്തിയെന്നും അന്നു രാത്രി പത്തോടെ ഒന്നും രണ്ടും പ്രതികൾ രാജേഷിനെ തുമ്പിളിശേരി ക്ഷേത്രത്തിനു സമീപത്തു വച്ച് ആക്രമിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. തിരുവനന്തപുരം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷ് 2018 ഒക്ടോബർ 16ന് മരിച്ചു. ഓച്ചിറ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.

അഭിഭാഷകരായ ഓച്ചിറ എൻ. അനിൽകുമാർ, ധീരജ് രവി, അനിൽ പുന്തല, ടി.ജെ. ജയ്‌സി, അനസ് അസീം, ആർഷ ലക്ഷ്‌മി, സി. ആര്യ എന്നിവർ പ്രതികൾക്കു വേണ്ടി ഹാജരായി.