കൊല്ലം: വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ, സ്കൂട്ടറിലെത്തിയ രണ്ടുപേർ തന്നെ ആക്രമിച്ച് കമ്മലുകൾ കവർന്നെന്ന് ഒമ്പതാംക്ളാസ് വിദ്യാർത്ഥിനി പറഞ്ഞ പരാതിയുടെ പൊരുൾ തേടി പൊലീസ്. കുട്ടി പരസ്പര വിരുദ്ധമായ മൊഴി നൽകിയതും ഇങ്ങനൊരു സംഭവം നടന്നതിന്റെ സൂചനകൾ ലഭിക്കാതിരുന്നതുമാണ് പൊലീസിന് സംശയമുണ്ടാക്കിയത്.
കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ഓയൂർ ചെങ്കുളത്താണ് താമസിക്കുന്നത്. രാവിലെ ആറരയോടെ വീട്ടിൽ നിന്നിറങ്ങി. സ്കൂട്ടറിലെത്തിയ രണ്ടുപേർ തലയ്ക്കടിച്ചുവീഴ്ത്തിയശേഷം അര പവൻ വരുന്ന രണ്ട് കമ്മലുകൾ അപഹരിച്ച് കടന്നെന്നാണ് കുട്ടി പ്രദേശവാസികളോടും പൊലീസിനോടും പറഞ്ഞത്. വിവരമറിഞ്ഞ് വീട്ടുകാരെത്തുമ്പോൾ വൈദ്യുതി പോസ്റ്റിനോട് ചേർന്ന് കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തശേഷം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ പൊലീസ് അന്വേഷണത്തിൽ ആക്രമണം നടന്നതായി യാതൊരുവിധ സൂചനകളും ലഭ്യമായില്ല. പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോൾ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. കൗൺസിലറുടെയും വനിതാ പൊലീസിന്റെയും നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോൾ കമ്മലുകൾ താൻ ഊരിയെറിഞ്ഞതാണെന്നു പറഞ്ഞു. മറ്റാർക്കോ കമ്മലുകൾ നൽകിയെന്ന തരത്തിലായിരുന്നു മറ്റൊരു മൊഴി. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഇന്ന് രാവിലെ കുട്ടിക്കൊപ്പം സ്ഥലത്ത് പരിശോധന നടത്തുമെന്നും കമ്മലുകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഊരിയെറിഞ്ഞെന്ന് പൊലീസ്!
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പെയാണ് പ്രദേശത്തു തന്നെ പതിനാലുകാരിയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണാഭരണം കവർന്നുവെന്ന വാർത്ത പരന്നത്. ഇതോടെ നാടിളകി. ചാനലുകളിൽ വലിയ വാർത്തയായി. തുടർന്നാണ് പൊലീസ് വിഷയത്തിൽ കാര്യമായി ഇടപെട്ടത്. പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോൾത്തന്നെ പറയത്തക്ക ഗൗരവമില്ലെന്ന് ബോദ്ധ്യപ്പെട്ടു. വീട്ടിലെ ചില്ലറപ്പിണക്കങ്ങളുടെ പേരിൽ ആഭരണം ഊരിയെറിഞ്ഞശേഷം നടത്തിയ നാടകമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം വീട്ടിൽ അറിഞ്ഞാൽ അമ്മ വഴക്കുപറയുമെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
........................
രാവിലെ 6.33ന് മകൾ വീട്ടിൽ നിന്നു ട്യൂഷന് പോകാനിറങ്ങി. 6.45ന് ആണ് അപകടം പറ്റിയെന്ന തരത്തിൽ അറിഞ്ഞതും ഞങ്ങൾ ഓടിയെത്തുന്നതും. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. മകളുടെ തലയുടെ പിന്നിൽ മുഴപ്പ് ഉണ്ടെന്നും നെറ്റിയിൽ മുറിവുണ്ടെന്നും പറഞ്ഞു. ഞാൻ കാഴ്ച വൈകല്യമുള്ളയാളും അദ്ധ്യാപകനുമാണ്. പൊലീസ് പറയുന്നത് വിശ്വാസ യോഗ്യമല്ല
പെൺകുട്ടിയുടെ പിതാവ്