പടിഞ്ഞാറെകല്ലട: 17 വർഷം മുമ്പ് തന്നിലേക്കെത്തിയ കാൻസറിനെ ആത്മധൈര്യം കൊണ്ട് തോൽപ്പിച്ച വിനോദ് ടൈറ്റസ് ഇന്ന് .എറണാകുളം ജില്ലയിൽ ആലുവ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ്. കൊല്ലം കിഴക്കേക്കല്ലട കൊടുവിള കുറ്റിവിള വീട്ടിൽ സി.എം ടൈറ്റസിന്റെയും പരേതയായ വിക്ടോറിയയുടെയും മകനാണ് 40കാരനായ വിനോദ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുത്ത ശേഷം ടി.ടി.സി ക്ക് പഠിക്കുമ്പോഴാണ് 2006ൽ മുഖത്ത് നെല്ലിക്കയുടെ വലിപ്പത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്.ബയോപ്സിയിൽ അത് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ആർ.സി.സി.ക്കും കല്ലടയിലെ വീടിനും ഇടയിലുള്ള ജീവിതം നരകതുല്യമായി മാറി. മൂക്കിലും കൈകളിലും വയറിലും നിറയെ ട്യൂബുകൾ ഘടിപ്പിച്ചുള്ള ആശുപത്രി വാസം ഇന്നും നടുക്കുന്ന ഓർമ്മയാണ് വിനോദിന്. ആർ.സി.സിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്ന ഒരു രോഗി ട്രെയിനിൽ നിന്ന് ചാടി മരിച്ചത് വിനോദിന്റെ മനസിനെ ഉലച്ചു.
മൂന്നുവർഷത്തിനിടെ തുടർച്ചയായി മുഖത്ത് നടത്തിയ അഞ്ച് ശസ്ത്രക്രിയകളുടെ മുറിവുകൾ മൂലം മുഖം വികൃതമായതിനാൽ ബന്ധുക്കളെയും പോലും കാണാൻ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു വിനോദിന്റെ ജീവിതത്തിൽ. പിന്നീട് ആത്മധൈര്യത്തോടെ മുന്നേറി ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും ബി. എഡും പാസായി. 25ലധികം പി.എസ്.സി ടെസ്റ്റുകൾ എഴുതി. എക്സൈസ് ഇൻസ്പെക്ടറുടെ റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു. 2010ൽ കെ.എസ്.ആർ.ടിസിയിൽ വൈക്കം ഡിപ്പോയിൽ കണ്ടക്ടറായി ജോലി കിട്ടി. 2012 അഗ്നിരക്ഷാസേനയിൽ ജോലി ലഭിച്ചതോടെ കണ്ടക്ടർ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ആലുവ ഫയർ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്നു. സർക്കാർ ജോലി ലഭിച്ചെങ്കിലും രോഗം വരുത്തിവെച്ച കടുത്ത സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് വിനോദ്. കൊല്ലം കണ്ടച്ചിറ സ്വദേശി വർഷയാണ് ഭാര്യ. മക്കൾ: എട്ടും മൂന്നും വയസുള്ള ഐവയും ഐഡയും. ഫോൺ: ഫോൺ98 95 78 79 24.