
കൊല്ലം: അർബുദത്തെ പോരാട്ടത്തിലൂടെ തോൽപ്പിച്ച പ്രസീദ സേതുവിന്റെ (38) മനോധൈര്യത്തിന് രാജ്യത്തിന്റെ ആദരം. റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ അതിഥിയായി കൊട്ടാരക്കര ഉമ്മന്നൂർ പ്ലാപ്പള്ളി സേതുഭവനിൽ പ്രസീദ പങ്കെടുക്കും. സ്‌ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായിട്ടാണ് പ്രസീദയെ ക്ഷണിച്ചത്.
അർബുദത്തിൽ നിന്നകന്ന പ്രസീദ സ്വയം സംരംഭകയായി ജീവിതം കെട്ടിപ്പടുത്തു. ഒപ്പം അനേകർക്ക് പ്രചോദനവും പ്രോത്സാഹനവുമായി. പ്രധാനമന്ത്രി കേന്ദ്ര കൗശൽ വികാസ് യോജനയിലൂടെയുള്ള എളിയ തുടക്കം വലിയ വിജയമായി മാറി. എട്ട് പേർ ജോലി ചെയ്യുന്ന സ്ഥാപനമായി വളർന്നു പ്രസീദയുടെ ഉടമസ്ഥതയിലുള്ള ശ്രീവിനായക റെഡിമെയ്‌ഡ് ഏജൻസീസ്. വിദ്യാർത്ഥി ജീവിതത്തിൽ ഹർഡിൽസ് ഉൾപ്പടെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ സംസ്ഥാന തലത്തിൽ നേട്ടങ്ങളുടെ ഉടമ കൂടിയാണ് പ്രസീദ. ഭർത്താവ് സേതുവും ഡെൽഹിയിലെ അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കും. വിദ്യാർത്ഥിയാണ് മകൻ സൂര്യദേവ്. ശ്രീവിദ്യാധിരാജ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജീവകാരുണ്യ- സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ് പ്രസീദ. പ്രസീദയെ സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതി വീട്ടിലെത്തി ആദരിച്ചു. പ്രസിഡന്റ് എസ്.സന്ദീപ്, സെക്രട്ടറി എസ്.കെ. ശാന്തു എന്നിവർ പൊന്നാട അണിയിച്ചു.