photo

കൊല്ലം: ഉച്ചഭക്ഷണവും പുസ്തകബാഗുമായി ഉമ്മയും മകനും ഒരുമിച്ച് കോളേജിലെത്തും. വൈകിട്ട് ഒന്നിച്ച് മടക്കം. വീട്ടിലെത്തിയാൽ ഒന്നിച്ചിരുന്ന് പഠിത്തം. ഒരേ മാർക്കോടെ വിജയിക്കണമെന്ന വാശിയിലാണ് ഇരുവരും.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളം ഒന്നാംവ‌ർഷ വിദ്യാ‌ർത്ഥികളാണ് ഇരുവരും. കൊല്ലം ഫാത്തിമ മാതാ കോളേജാണ് കോഴ്സ് സെന്റ‌ർ. കിളിക്കൊല്ലൂർ ശാന്തിനഗർ-153ൽ കല്ലേത്ത് പുത്തൻവീട്ടിൽ ജലീനാബീഗമാണ് (46) മകൻ വൻഹർജാനിന്റെ (31) കൈപിടിച്ച് പഠിക്കാനെത്തുന്നത്.

ഓട്ടിസം ബാധിച്ചതിന്റെയും കുട്ടിക്കാലത്ത് വീഴ്ചയിൽ പരിക്കേറ്റതിന്റെയും അവശതകൾ മറന്ന് വൻഹർജാൻ ക്ളാസിലെ മിടുക്കനായി മാറുന്നത്, പഠനത്തിനിടെ അമ്മ സന്തോഷത്തോടെ നോക്കിയിരിക്കും. കൊല്ലം കോളേജ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ പ്യാർജാന്റെ ഭാര്യയാണ് ജലീനാ ബീഗം. ജലീന ഏഴാം ക്ളാസിൽ പഠനം നിറുത്തി. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും വിവാഹമായി. മൂത്ത മകൻ വൻഹർജാൻ ഓട്ടിസം ബാധിതനായതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. മൂന്നര വയസുള്ളപ്പോൾ വീടിന്റെ സ്റ്റെയർകേസിൽ നിന്നു വീണ വൻഹറിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. നീണ്ടനാളത്തെ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. സാക്ഷരത മിഷൻ പ്രവർത്തകയായ അയത്തിൽ സ്വദേശി ഷൈലജയാണ് വൻഹറിനെ ഏഴാംതരം തുല്യതയ്ക്ക് ചേർത്തത്. ജലീനയും ഒപ്പം കൂടി. രണ്ടുപേരും പത്താംതരത്തിനും പ്ളസ് ടുവിനും ചേർന്ന് മികച്ച മാർക്കോടെ വിജയിച്ചു. ഒരു ഡിഗ്രി സ്വന്തമാക്കണമെന്ന ജലീനയുടെ മോഹമാണ് ഇപ്പോൾ വൻഹറിനെയും കോളേജിലെത്തിച്ചത്.

വൻഹറിൽ നല്ല മാറ്റം

ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളിലുമാണ് ഫാത്തിമ മാത കോളേജിൽ ക്ളാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വൻഹറിൽ കാര്യമായ മാറ്റങ്ങളുണ്ട്. സഹായിയെ വച്ചാണ് ഇതുവരെ പരീക്ഷ എഴുതിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ പഠിക്കാൻ വലിയ ഉത്സാഹമാണ്. ബാച്ചിന് പ്രത്യേക വാ‌ട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതോടെ വൻഹറിന്റെ സംസാരത്തിന് ഗ്രൂപ്പിൽ ആരാധകരുണ്ട്.

കോളേജിൽ പഠിക്കണമെന്ന എന്റെ മോഹം പൂവണിഞ്ഞു. മകനൊപ്പമാകുമ്പോൾ അതിന്റെ സന്തോഷം ഇരട്ടിയാണ്. ക്ളാസിൽ വൻഹറിനൊപ്പം ഇരിക്കണമെന്നാണ് ചിന്തിച്ചിരുന്നത്. അവനിപ്പോൾ കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം

ജലീനാ ബീഗം