കൊല്ലം: ഓയൂരിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച് സ്വർണക്കമ്മൽ കവർന്നുവെന്ന പരാതി വ്യാജമാണോ എന്നു തെളിയിക്കാനാവാതെ പൊലീസ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ അസ്വസ്ഥയായ വിദ്യാർത്ഥിനിയെ മാനസിരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അന്വേഷണ സംഘത്തിനെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഓയൂർ ചെങ്കുളം സ്വദേശിയായ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറിലെത്തിയ രണ്ടുപേർ ആക്രമിച്ച് കമ്മലുകൾ കവർന്നുവെന്ന പരാതിയുണ്ടായത്. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസിൽ പരാതി നൽകി. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ പൊലീസിന് സംശയമുണ്ടാെി. സ്വയം കമ്മലുകൾ ഊരി എറിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാവിലെ പെൺകുട്ടിക്കൊപ്പം സ്ഥലത്തെത്തി കമ്മലുകൾ കണ്ടെടുക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് സംഭവം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഇനി പെൺകുട്ടി തിരിച്ചെത്തിയശേഷമേ തുടർ നടപടികൾ ഉണ്ടാവുകയുള്ളു.