
നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ
അഞ്ചാലുംമൂട്: കോടികൾ ചെലവാക്കി നവീകരിച്ച തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് മിനി സ്റ്റേഡിയം കാട് കയറി നശിക്കുന്നു. സ്‌റ്റേഡിയം കാട് കയറി നശിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലന്ന പരാതിയിലാണ് നാട്ടുകാർ.
1988ലാണ് മിനി സ്റ്റേഡിയം നിർമ്മിക്കാൻ മണ്ണൂർചിറയിൽ സ്ഥലം വാങ്ങുന്നത്. എന്നാൽ പിന്നീട് മത്സരങ്ങൾ നടത്താൻ പര്യാപ്തമായ തരത്തിലേക്ക് സ്റ്രേഡിത്തിന്റെ വികസനം നടന്നില്ല. സ്‌റ്റേഡിയം നവീകരിക്കണമെന്ന ആവശ്യം ഉയർന്നതിനെതുടർന്ന് മൂന്ന് വർഷംമുമ്പ് എം.മുകേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ചു. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സ്‌റ്റേഡിയത്തിൽ കൂടുതൽ സൗകര്യങ്ങളും ഒരുക്കി. ഓപ്പൺ എയർ ഓഡിറ്റോറിയം, ഡ്രസിംഗ് റൂം, ഗാലറി, കമ്പി ഉപയോഗിച്ചുള്ള ചുറ്റുവേലി, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിച്ചു. വേണ്ടരീതിയിൽ പരിപാലനം ലഭിക്കാതായതോടെ സ്‌റ്റേഡിയത്തിലെ ഉപകരണങ്ങൾ നശിക്കുകയും സ്‌റ്റേഡിയത്തിൽ കളിക്കാൻ ആളുകൾ എത്താതെയുമായി.
മഴപെയ്താൽ ചെളിക്കുളം
ചെറിയ മഴ പെയ്താൽ പോലും സ്‌റ്റേഡിയം വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്.
കഴിഞ്ഞ വർഷം കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ മിനിസ്‌റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും തലേദിവസം മഴപെയ്ത് ചെളിക്കുളമായതോടെ മത്സരാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സമീപത്തെ സ്‌കൂൾ ഗ്രൗണ്ടിലേക്ക് മത്സരങ്ങൾ മാറ്റിയിരുന്നു.
സാമൂഹ്യവിരുദ്ധരുടെ താവളം
സാമൂഹിക വിരുദ്ധർ സ്റ്റേഡിയം താവളമാക്കിയതോടെ സന്ധ്യമയങ്ങി കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് ഇത് വഴി കടന്ന് പോകാനാകാത്ത സ്ഥിതിയായിരിക്കുകയാണ്. ലഹരിസംഘങ്ങളും ഇവിടെ തമ്പടിക്കാറുണ്ട്. സ്‌കൂൾ വിട്ടും ട്യൂഷൻ കഴിഞ്ഞും വീട്ടിലേക്ക് പോകുന്ന കുട്ടികളിൽ പലരും ഭീതിയോടെയാണ് സ്‌റ്റേഡിയം വഴി കടന്ന് പോകുന്നത്. സ്‌റ്റേഡിയത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്‌റ്റേഡിയത്തിലെ കാട് വെട്ടി പ്രതിഷേധിച്ചിരുന്നു.
എത്രയും വേഗം സ്‌റ്റേഡിയത്തിലെ കാട് ഉൾപ്പെടെയുള്ളവ വൃത്തിയാക്കി മത്സരങ്ങൾ നടത്തുന്ന രീതിയിലാക്കാനുള്ള ഇടപെടലുകൾ പഞ്ചായത്ത് നടത്തണം
നാട്ടുകാർ